നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണം; സര്‍ക്കുലര്‍ ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. പരിപാടിയിലേക്ക് പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നതിന് സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ ബസ് വിട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഇന്ധന ചിലവും ഡ്രൈവറുടെ ബാറ്റയും സംഘാടക സമിതിയില്‍ നിന്നും ഈടാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പരിപാടിയിലേക്ക് പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിക്കാനാണ് സംഘാടക സമിതിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കെ.എസ്.യു പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തി. സുരക്ഷ ക്രമീകരണങ്ങളില്ലാത്തതിനാല്‍ ഡയറക്ടറുടെ ഓഫീസ് വരെ പ്രതിഷേധക്കാരെത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാഹനം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കെ.എസ്.യുവിന്റെ നിലപാട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സഞ്ചാരത്തെ ബാധിക്കുന്ന തരത്തില്ല ബസുകള്‍ വിട്ടു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന്റെ വിശദീകരണം.

ഇന്ന് വൈകുന്നേരം മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ് ആരംഭിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും 37 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് നവകേരള സദസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top