‘തലവന്‍ 2’ ഉണ്ടെന്ന് ജിസ് ജോയ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; ‘ആദ്യം ഭാഗം വിജയിച്ചാല്‍ മാത്രം രണ്ടാം ഭാഗം എന്ന തീരുമാനത്തില്‍ ആയിരുന്നു’

ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ തലവന്‍ എന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തൊട്ടു മുമ്പ് പുറത്തിറങ്ങിയ സിനിമകള്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാത്തതുകൊണ്ടു തന്നെ ആസിഫ് അലിക്കും ജിസ് ജോയ്ക്കും കരിയറില്‍ വളരെ പ്രധാനപ്പെട്ട ചിത്രം കൂടിയാണ് തലവന്‍. ഇപ്പോഴിതാ തലവന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സംവിധായകന്‍ ജിസ് ജോയ് പറയുന്നത്. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഞാന്‍ ആസിഫ് അലിയോടോ നിര്‍മാതാവിനോടോ ബിജുച്ചേട്ടനോടോ പറഞ്ഞിട്ടില്ല. എന്റെ മനസില്‍ ഈ സിനിമ കമ്മിറ്റ് ചെയ്യുമ്പോഴേ അങ്ങനെ ഒരു സംഗതിയുണ്ട്. ഈ സിനിമയിലെ അവസാനത്തെ ഡയലോഗ് ദിലീഷ് പറയുന്നതാണ് ‘ഒരു കാര്യം ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നില്ല.’ തലവന്‍ 2 എന്നെഴുതിവരുന്ന ഗ്രാഫിക്‌സ് വരെ ഞങ്ങള്‍ ചെയ്തു. പക്ഷെ പല സിനിമകളിലും അങ്ങനെ എഴുതിക്കാണിച്ചിട്ട് രണ്ടാം ഭാഗം വന്നില്ല. ഈ ഗ്രാഫിക്‌സ് ഇല്ലാതെ പ്രേക്ഷകര്‍ക്ക് അത് പിടികിട്ടുമോ! ഞാന്‍ എഡിറ്റര്‍ സൂരജിനോട് ഇക്കാര്യം ചോദിച്ചു. അപ്പോള്‍ സൂരജ് പറഞ്ഞു, ‘അത് എഴുതിക്കാണിക്കാതെ പ്രേക്ഷകര്‍ക്കത് മനസിലാകുന്നതല്ലേ പ്രധാനം എന്ന്. സിനിമ നന്നാകുകയാണെങ്കില്‍ മാത്രം രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിച്ചാല്‍ മതി. നന്നായാല്‍ പ്രേക്ഷകര്‍ അതേക്കുറിച്ച് ചോദിക്കും. ജിസ്സിന്റെ മനസില്‍ അങ്ങനെയൊരു കഥയുണ്ടല്ലോ.’ എന്ന് സൂരജ് പറഞ്ഞു. എന്തായാലും വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും,” ജിസ് ജോയ് പറഞ്ഞു.

വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലെ ഈഗോ പ്രശ്നങ്ങളും കിടമത്സരങ്ങളുമാണ് തലവന്‍ എന്ന ചിത്രത്തിന്റെ പ്രമേയം. പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് ആസിഫ് അലിയും ബിജു മേനോനും എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ് കഥ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top