ജോഷിയുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതി പിടിയില്‍; ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് കസ്റ്റഡിയിലായത് ഉഡുപ്പിയില്‍ നിന്നും; കവര്‍ന്ന സ്വര്‍ണവും വജ്രാഭരണങ്ങളും കണ്ടെടുത്തു
കൊച്ചി: സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ ഇന്നലെ കവര്‍ച്ച നടത്തിയ പ്രതി കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് പിടിയിലായി. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇത് മനസിലാക്കിയുള്ള അന്വേഷണത്തിലാണ് അകപ്പെട്ടത്. ജോഷിയുടെ വീട്ടിൽനിന്ന് മോഷണം പോയ സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കാറിൽനിന്ന് കണ്ടെത്തി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊച്ചിയിലെത്തിക്കും. പ്രതി വലയിലായ വിവരമറിഞ്ഞ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചു. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് ലഭിച്ച വിവരം. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണ് പ്രതി കവർന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സൗത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ൽ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്ന് മോഷ്ടാവ് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോൾ ജോഷി, മരുമകൾ വർഷ, മൂന്നു പേരക്കുട്ടികൾ, അടുത്ത ബന്ധുവിന്റെ മക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here