സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു; അന്ത്യം മുംബൈയില്‍ ചികിത്സയില്‍ ഇരിക്കെ; വിട പറഞ്ഞത് യോദ്ധ അടക്കം മികച്ച സിനിമകള്‍ ഒരുക്കിയ പ്രതിഭ
മുംബൈ: പ്രശസ്ത സംവിധായകനും ഛായഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മുന്‍പ് കോവിഡ് ബാധിച്ച ശേഷം നിരന്തരം ശാരീരിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. സന്തോഷ് ശിവന്‍റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് എത്തുന്നത്.
രഘുവരനെ നായകനായ ‘വ്യൂഹം’ സിനിമയാണ് സംഗീത് ശിവന്‍ ആദ്യം സംവിധാനം ചെയ്യുന്നത്. മോഹൻ ലാലിനെ നായകനാക്കി യോദ്ധ, ‘ഡാഡി’, ‘ഗാന്ധർവ്വം’, ‘നിർണ്ണയം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. യോദ്ധയിലൂടെ എ.ആർ.റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ‘ഇഡിയറ്റ്സ്’ എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.
സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ ഹിന്ദിയിൽ സംവിധാനം ചെയ്തു. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു.
ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരം പോങ്ങുമ്മൂട്ടിലാണ് ജനിച്ചത്. ഭാര്യ – ജയശ്രീ, മക്കള്‍ – സജന, ശന്താനു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here