ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് രാജിവെക്കണമെന്ന് വിനയൻ; പരാതി നൽകിയിട്ട് മന്ത്രിക്ക് മിണ്ടാട്ടമില്ല

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് രാജിവെക്കണമെന്ന് സംവിധായകൻ വിനയൻ. അവാർഡ് നിർണയത്തിലെ പാകപ്പിഴകളെക്കുറിച്ച് സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗങ്ങൾ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലും ഇതിനുള്ള തെളിവുകൾ പകൽ പോലെ വ്യക്തമായ സാഹചര്യത്തിലും ചെയർമാൻ സ്ഥാനത്ത് തുടരുന്നത് മാന്യതയല്ലെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ തെളിവുകളുമായി കോടതിയെ സമീപിക്കാത്തത്ത് മറ്റു പലരെയും അത് ബാധിക്കുമെന്ന് കരുതിയിട്ടാണെന്നും വിനയൻ പറഞ്ഞു.

ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിക്കുകയും അത് തള്ളുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നത്. ഇതിലെ കാപട്യം തുറന്നുകാണിക്കാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് വിനയൻ പറഞ്ഞു.

രഞ്ജിത്തിൻെറ കുറ്റകരമായ ഇടപെടലിനെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കനെ ആ സമയത്തു തന്നെ അറിയിച്ചിരുന്നു, ഇത് മനു നിഷേധിച്ചിട്ടില്ല. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായ സംവിധായകൻ ഷാജി എൻ കരുൺ, തന്നെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നു. അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെങ്കിൽ അത് തെറ്റാണെന്നും അതിനെതിരെ ശബ്‌ദമുയർത്തിയതിന് അഭിനന്ദിച്ചെന്നുമാണ് വിനയൻ പറഞ്ഞത്.

ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും രഞ്ജിത്ത് പ്രതികരിക്കാത്തത് ചെയ്തത് തെറ്റാണെന്ന് ബോധ്യമുള്ളതു കൊണ്ടാണ്. ഇത് ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വ്യക്തി വൈരാഗ്യവും പകയും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം. മറ്റൊരു നടപടി ഉണ്ടായില്ലങ്കിലും ഇനിയുള്ള അവാർഡുദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവലിലും ചെയർമാൻ പങ്കെടുക്കുന്നത് ഉചിതമല്ലെന്നാണ് തൻ്റെ നിലപാടെന്ന് വിനയൻ വ്യക്തമാക്കി.

മുൻപും പലരും രഞ്ജിത്തിന്റെ ഇത്തരം ഇടപെടലുകളെകുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും നേരിട്ട് അറിവില്ലാത്ത കൊണ്ട് പ്രതികരിച്ചില്ല. എന്നാൽ ഇത് ജൂറി അംഗത്തിന്റെ ഓഡിയോ ക്ലിപ്പ് അടക്കം തെളിവ് പുറത്തുവന്നതാണ്. വിഷയത്തിൽ സർക്കാർ വേണ്ട രീതിയിൽ ഇടപെട്ട് എത്രയുംപെട്ടന്ന് നടപടി എടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയൻ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top