രോഹിത്തിന്റെ ക്യാപ്റ്റന്‍സി നിരാശപ്പെടുത്തുന്നു, ക്യാപ്റ്റനും കോച്ചിനും ഉത്തരവാദിത്തമില്ല: സുനിൽ ഗവാസ്കർ
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ നിരാശപ്പെടുത്തുന്നുവെന്ന് മുൻ താരം സുനിൽ ഗവാസ്കർ. ടീമിന്റെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയതിന് ശേഷമായിരുന്നു ഗവാസ്കറുടെ പ്രതികരണം. രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റു. ദക്ഷിണാഫ്രിക്കയിലെ ഒരു ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
‘ഞാന്‍ രോഹിത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ വിദേശത്ത് നന്നായി കളിക്കുക എന്നതാണ് യഥാര്‍ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നത്. ഐപിഎല്ലിലെ ഇത്രയും കാലത്തെ അനുഭവസമ്പത്തും ക്യാപ്റ്റനെന്ന നിലയില്‍ നൂറോളം മത്സരങ്ങള്‍ കളിച്ച പരിചയവും ഐപിഎല്ലിലെ മികച്ച താരങ്ങളും സംഘവുമുണ്ടായിട്ടും ട്വന്റി 20 ഫോര്‍മാറ്റില്‍ പോലും ഒരു ഫൈനല്‍ വരെയെത്താന്‍ സാധിക്കാതിരിക്കുക എന്നത് നിരാശാജനകമാണ്’, ഗവാസ്‌കര്‍ പറഞ്ഞു.
ബിസിസിഐയും സെലക്ടർമാരും ഇന്ത്യയുടെ തോൽവിയിൽ ശരിയായ അവലോകനം നടത്തിയോ എന്നറിയാനും ഗവാസ്കർ താത്പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോൽവിയെക്കുറിച്ച് എടുത്തു പറഞ്ഞ അദ്ദേഹം, കോച്ച് ദ്രാവിഡിനോടും ക്യാപ്റ്റൻ രോഹിതിനോടും അവർ എടുത്ത തീരുമാനങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടേണ്ടതായിരുന്നു എന്നും അഭിപ്രായപ്പെട്ടു.
ടോസ് കിട്ടിയിട്ടും ബൗളിങ് തിരഞ്ഞെടുത്തതിനെയും ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്ന ട്രാവിസ് ഹെഡിനെതിരേ എന്തുകൊണ്ട് തുടക്കത്തില്‍ തന്നെ ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളും പരീക്ഷിച്ചില്ല എന്നും ഗാവസ്‌ക്കര്‍ ചോദിച്ചു. ഹെഡിന്റെ ദൗര്‍ബല്യത്തെ കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നിട്ട് എന്തുകൊണ്ട് അത് തുടക്കത്തിലേ പരീക്ഷിച്ചില്ലെന്നും അദ്ദേഹം 80 റണ്‍സടിക്കുന്നത് വരെ കാത്തിരുന്നത് എന്തിനാണെന്നും ഗാവസ്‌ക്കര്‍ ചോദിച്ചു.
ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറിന്റെയും ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെയുടെയും ഉത്തരവാദിത്തമില്ലായ്മയും ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ബാറ്റര്‍മാര്‍ ഒരേ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ എന്താണ് നിങ്ങളുടെ സാങ്കേതികതയില്‍ സംഭവിച്ചതെന്ന് പരിശീലകര്‍ ചോദിക്കണം. അല്ലാതെ എങ്ങനെയാണ് നിങ്ങള്‍ ബാറ്റര്‍മാരെ മെച്ചപ്പെടുത്തുകയെന്നും ഗാവസ്‌ക്കര്‍ തുറന്നടിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here