മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന ഒഴിവാക്കാന്‍ മുങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 10 പേര്‍ക്ക് സ്ഥലം മാറ്റം; നാലുപേരെ പുറത്താക്കി

തിരുവനന്തപുരം : മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ജോലിക്ക് കയറാതെ മുങ്ങിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി.ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിജിലന്‍സ് എത്തി പരിശോധന തുടങ്ങുന്നതിനിടെ ജീവനക്കാര്‍ ഡിപ്പോയില്‍ നിന്ന് മുങ്ങിയത്. 14 പേരാണ് ഇത്തരത്തില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നത്.

10 സ്ഥിരം ഡ്രൈവര്‍മാരെ സ്ഥലം മാറ്റി. നാല് താത്കാലിക വിഭാഗം ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ 15 സര്‍വീസുകളെ ബാധിച്ചു. 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടായി. കെഎസ്ആര്‍ടിസി സര്‍വീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് അതിവേഗത്തില്‍ അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.

വിജിലന്‍സ് സ്‌ക്വാഡിന്റെ പരിശോധനയില്‍ മദ്യപിച്ചെത്തിയ മൂന്നു ജീവനക്കാര്‍ പിടിയിലായിരുന്നു. പിന്നാലെയാണ് മറ്റുള്ളവര്‍ മുങ്ങിയത്. ഒരു വിഭാഗം ജീവനക്കാരുടെ നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തികള്‍ ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഗണേഷ് കുമാര്‍ മന്ത്രിയായതിനു പിന്നാലെയാണ് ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധന ആരംഭിച്ചത്. ഇതുവരെ ഇരുന്നൂറിലധികം ജീവനക്കാര്‍ക്കെതിരെയാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് നടപടി സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top