പാസ്റ്റർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ജെറിൻ ലാലി നടത്തിയത് 20 കോടിയുടെ തട്ടിപ്പെന്ന് വെളിപ്പെടുത്തൽ
കൊല്ലം: തിരുവനന്തപുരം മലയത്തെ ഗ്ലോറിയസ് ചർച്ച് ഓഫ് ഗോഡ് ചെയർമാൻ, പാസ്റ്റർ ജെറിൻ ലാലി പലരിൽ നിന്നും 21 കോടി രൂപ തട്ടിയെടുത്തതായി വെളിപ്പെടുത്തൽ. പാസ്റ്ററുടെ അടുപ്പക്കാരനായിരുന്ന ബിജു ലാലും ഭാര്യ ഭാര്യ ഷാലി സജിയുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അഞ്ചൽ സ്വദേശിയായ സോണി മാത്യുവിൽ നിന്നും മൂന്ന് കോടിയോളം രൂപ ജെറിൻ ലാലി തട്ടിയെടുത്തതിൻ്റെ വിശദാംശങ്ങൾ മാധ്യമ സിൻഡിക്കറ്റ് പുറത്ത് വിട്ടിരുന്നു. ഈ കേസിൽ യഥാക്രമം രണ്ടാം പ്രതിയും മൂന്നാം പ്രതിയുമാണ് ബിജു ലാലും ഭാര്യ ഷാലിയും.
ജെറിൻ ലാലി തൻ്റെ കയ്യിൽ നിന്നും അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നും പാസ്റ്ററിനെ സഹായിക്കാൻ പോയ താനും ഭാര്യയും ഇപ്പോൾ തട്ടിപ്പ് കേസിൽ പ്രതികളാണെന്നും ബിജുലാൽ പറഞ്ഞു. താൻ പണം തിരികെ ചോദിച്ചപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും ബിജുലാൽ വെളിപ്പെടുത്തി.
“ചർച്ചിൽ വെച്ച് ജെറിനെ കാണാൻ ശ്രമിക്കുമ്പോൾ ഗുണ്ടകളെ വെച്ച് തടഞ്ഞു. ഒരു ദിവസം കാറിൽ വിളിച്ചു കയറ്റി ഒരു തോക്ക് എടുത്ത് കാണിച്ചു. എന്നോട് പൈസ ചോദിച്ച് വരുന്നവരുടെ നെഞ്ചത്ത് വെച്ച് പൊട്ടിക്കും ചേട്ടാ എന്ന് പറഞ്ഞ് തോക്ക് കാണിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തി ” – ബിജുലാൽ പറഞ്ഞു.
ജെറിൻ ലാലിയെ ഒന്നാം പ്രതിയാക്കിയും ഭാര്യയെ രണ്ടാം പ്രതിയാക്കിയും ബിജുലാലിൻ്റെ പരാതിയിൽ മലയൻകീഴ് പോലീസ് കേസെടുത്തിരുന്നു. നിലവിൽ ഈ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. എഫ്ഐആറിൽ പറയുന്നതിങ്ങനെ: പരാതിക്കാരനെ ചതിച്ചും വിശ്വാസ വഞ്ചന നടത്തിയും രൂപ കൈക്കലാക്കണമെന്ന ലക്ഷ്യത്തോടെ ഒന്നും രണ്ടും പ്രതികളായ ജെറിൻ ലാലിയും ഭാര്യ ഗ്രേസ് ലാലിയും മലയം ദൈവസഭയിലേക്ക് ബിജുലാലിനെയും ഭാര്യയേയും 24-05-2021 ആം തീയതി വിളിച്ചു വരുത്തി. പ്രതികളും മലയം ദൈവസഭ ഉൾപ്പെടുന്ന സുവിശേഷ സഭകളുടെ ബിഷപ്പും മറ്റും ചേർന്നു പ്രവർത്തിക്കുന്ന ട്രസ്റ്റിൽ കോടിക്കണക്കിന് വിദേശ ഫണ്ടുകൾ ലഭിക്കുന്നുണ്ട്. അതിനാൽ ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ മൂന്ന് കോടി രൂപ ബിജുലാലിന് പലിശ രഹിത വായ്പ ഇനത്തിൽ നൽകാമെന്ന വാഗ്ദാനം നൽകി. ഈ പണം ഉപയോഗിച്ച് ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരിൽ പാർട്ട്ണർഷിപ്പ് ബിസിനസ് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് 28-06-2023 ൽ പരാതിക്കാരൻ്റെ കയ്യിൽ നിന്നും അമ്പത് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ട്രസ്റ്റിൻ്റെ പേരിൽ ഡൊണേഷൻ രസീത് നൽകി കബളിപ്പിച്ചു.
പ്രതികളും ജോബിൻ ഹാർവിൻ എന്ന പാസ്റ്ററും രണ്ടാം പ്രതിയുടെ അമ്മയും പറഞ്ഞ് വിശ്വസിപ്പിച്ചതനുസരിച്ച് പരാതിക്കാരൻ്റെ ഭാര്യയുടേയും ബന്ധു ശ്രീകുമാറിൻ്റെയും ഉടമസ്ഥതയിലുള്ള എസ്കെ റബേഴ്സിൻ്റെ ആക്സിസ് ബാങ്കിലെ ബിസിനസ് അക്കൗണ്ടിൽ നിന്നു പല തവണ വൻ തുകകൾ കൈപ്പറ്റി. 24-05-2021 മുതൽ 28 – 06-2023 വരെയുള്ള കാലയളവിൽ ഈ അക്കൗണ്ടിൽ നിന്നും 3.30 കോടി രൂപ പ്രതിയുടെ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്തു. ഇതുകൂടാതെ ബിജുലാലിൻ്റ തുടയത്തൂർ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഭാര്യ ഷാലി സജിയുടെ കല്ലമ്പലം ഫെഡറൽ ബാങ്കിൽ നിന്നും 14 ലക്ഷം രൂപയും ഈ കാലയളവിൽ ഒന്നും രണ്ടും പ്രതികൾ കൈപ്പറ്റി. പരാതിക്കാരൻ്റെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ റബർ കടകളിൽ നിന്നും കൈ വായ്പയായി ജെറിൻ ലാലിയും ഭാര്യയും 33 ലക്ഷം രൂപയും കൈപ്പറ്റി. ആകെ 4.55 കോടി രൂപ പരാതിക്കാരനിൽ നിന്നും പ്രതികൾ പലതവണകളായി കൈക്കലാക്കി. നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും തിരികെ നൽകാതെ പ്രതികൾ നിരന്തരം അവധികൾ പറഞ്ഞു.
ഒന്നാം പ്രതി ജെറിൻ ലാലിയോടൊപ്പം യാത്ര ചെയ്യവേ കാശ് കിട്ടാനുള്ളവർ ആരെങ്കിലും വീട്ടിൽ വന്ന് ശല്യം ചെയ്താൽ ഇതെടുത്ത് പൊട്ടിക്കേണ്ടി വരുമെന്ന് പറഞ്ഞ് കാറിൽ കരുതിയ പിസ്റ്റൾ എടുത്ത് കാണിച്ച് ഭയപ്പെടുത്തി. ഒന്നും രണ്ടും പ്രതികൾ ചേർന്ന് പരാതിക്കാരനേയും ഭാര്യയേയും പരാതിക്കാരൻ്റെ സുഹൃത്ത് ശ്രീകുമാറിനെയും ചതിച്ചും വഞ്ചിച്ചും അന്യായ ലാഭവും ഉണ്ടാക്കി…..
ജെറിൻ ലാലിക്കെതിരെ പോലീസിൽ പരാതി നൽകിയത് കൊണ്ട് ഒരു പ്രയോജനവുമില്ല. രാഷ്ട്രീയ സ്വാധീനവും പോലീസ് ഉന്നതരുമായുള്ള ബന്ധവും ഉപയോഗിച്ച് കേസന്വേഷണത്തെ പാസ്റ്റർ അട്ടിമറിക്കുകയാണ്.ചാരിറ്റി പ്രവർത്തനങ്ങളുടെ പേരീലാണ് ജെറിൻ ലാലി സാമ്പത്തിക തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്. സിനിമാ താരങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കാട്ടിയാണ് പാസ്റ്റർ ഇരകളെ വലയിലാക്കുന്നത്. പലരിൽ നിന്നും ഇരുപത് കോടിയോളം രൂപ തട്ടിയെടുത്തതായി തനിക്കറിയാം. ജെറിൻ്റെ ഭീഷണിയെ ഭയന്നാണ് പലരും അത് വെളിപ്പെടുത്താത്തതെന്നും ബിജുലാൽ പറയുന്നു. തൻ്റെ പേരിലുണ്ടായിരുന്ന 21 ബിസിനസ് സ്ഥാപനങ്ങളും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് താൻ ആത്മഹത്യയുടെ വക്കിലാണെന്നും ബിജുലാൽ പറഞ്ഞു.
Also Read: https://www.madhyamasyndicate.com/pastor-jerin-lally-accused-of-fraud-of-3-crores/