ജമ്മു കശ്മീര്‍ നിയമസഭയില്‍ തമ്മിലടി; ബഹളം അനുച്ഛേദം 370നെ ചൊല്ലി

ജമ്മു കശ്മീര്‍ നിയമസഭയില്‍ കയ്യാങ്കളിയും വാക്കേറ്റവും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനാ അനുച്ഛേദം 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തുടങ്ങിയ നിയമസഭാ സമ്മേളനത്തിനിടെയാണ് പ്രശ്നങ്ങള്‍.

ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഇതോടെയാണ് അംഗങ്ങള്‍ തമ്മില്‍ അടിച്ചത്. എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

പ്രതിപക്ഷ നേതാവായ സുനില്‍ ശര്‍മ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഇതുകണ്ട ബിജെപി അംഗങ്ങള്‍ ബാനര്‍ തട്ടിയെടുത്ത് ചുരുട്ടിയെറിഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പാസ്സാക്കിയിരുന്നു. സമ്മേളനം ആരംഭിച്ചയുടനെ ഇതിനെച്ചൊല്ലി ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ ബഹളമുണ്ടാക്കി. ഇതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top