മദ്യനയഭേദഗതിക്കായുള്ള പണപ്പിരിവിൻ്റെ പേരിൽ ബാറുടമാ സംഘടനയിൽ കടുത്ത ഭിന്നത; ശബ്ദരേഖ ചോർന്നത് ഇങ്ങനെ; പിരിവ് ചിലരുടെ മാത്രം നേട്ടത്തിന്; സമവായം ഇല്ലെങ്കിൽ പലതും പുറത്തുവരും

തിരുവനന്തപുരം: പുതിയ മദ്യനയ ഭേദഗതിയുടെ പേരിൽ ബാറുടമകളുടെ സംഘടനയിൽ കടുത്ത ഭിന്നത. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം നേടിയെടുക്കാൻ പണമിറക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സംസ്ഥാന നേതാവിൻ്റെ ശബ്ദരേഖ ചോർന്ന് പുറത്തുവന്നതിൻ്റെ വഴി ഇതാണ്. സംഘടനാ നേതൃത്വത്തിൽ ഉള്ളവരുടെ മാത്രം ഗുണത്തിനാണ് പണപ്പിരിവെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎമ്മിനായി എന്ന പേരിൽ പിരിച്ച 21 കോടിയുടെ കണക്ക് പോലും സുതാര്യമായി അവതരിപ്പിച്ചിട്ടില്ല എന്നത് കണക്കിലെടുത്തും ഇത്തവണ പിരിവ് നൽകാൻ ബാറുടമകളിൽ ഒരുവിഭാഗം സന്നദ്ധരല്ല. ഇവർക്ക് മേൽ സമ്മർദം മുറുകിയാൽ ഇനിയും അണിയറ ഇടപാടുകൾ പലതും പുറത്തുവരാൻ സാധ്യതയുണ്ട്.

ഐടി പാർക്കുകളിൽ ബാർ അല്ലെങ്കിൽ പബ്ബ് അനുവദിക്കുക, ഒന്നാം തീയതികളിലെ ഡ്രേ ഡേ ഒഴിവാക്കുക, പ്രവർത്തന സമയം കൂട്ടുക എന്നിവയാണ് ഇപ്പോഴത്തെ ഭേദഗതിയിലൂടെ പ്രധാനമായും ബാറുടമകൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ആദ്യത്തേതാണ് യഥാർത്ഥ ലക്ഷ്യമെന്നും, വ്യാപക പണപ്പിരിവിനായി മുന്നോട്ടുവയ്ക്കുന്ന ചൂണ്ട മാത്രമാണ് ബാക്കിയുള്ളവ എന്നുമാണ് ബഹുഭൂരിപക്ഷം ബാറുടമകളും കരുതുന്നത്. സർക്കാരിലെയും പാർട്ടിയിലെയും വേണ്ടപ്പെട്ടവരെ സ്വന്തം കാര്യസാധ്യത്തിന് ഉപയോഗിക്കുന്നത് പതിവാക്കിയ സംഘടനയുടെ തലപ്പത്തുള്ള ചിലരെയാണ് ഇക്കാര്യത്തിൽ അവർ സംശയിക്കുന്നത്.

ഡ്രൈ ഡേയുടെ കാര്യം മുന്നിൽവച്ച് സംസ്ഥാനത്തെ മുഴുവൻ ബാറുകൾക്കും നേട്ടമുണ്ടാകും എന്ന പ്രതീതി ഉണ്ടാക്കി പിരിവെടുക്കുകയാണ് തന്ത്രം. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഐടി പാർക്കുകളിൽ മദ്യമെത്തിക്കാം എന്ന കാര്യത്തിലാണ് ഉറപ്പുള്ളത്. ഇത് നടന്നാലും പക്ഷേ തുലോം പരിമിതമായ എണ്ണം മാത്രമേ തുറക്കൂ. അതിൽ തന്നെ പ്രധാന കേന്ദ്രങ്ങളിൽ ഉള്ള ചിലർക്ക് മാത്രമാകും ഗുണമുണ്ടാകുക. അതിനായി എല്ലാവരും ചേർന്ന് പിരിവെടുക്കേണ്ട കാര്യമെന്താണ് എന്നാണ് സംഘടനയിലെ ഭൂരിപക്ഷവും ഉയർത്തുന്ന ചോദ്യം.

പിരിവിൻ്റെ കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയോ പിരിച്ചെടുത്ത പണത്തിൻ്റെ കണക്ക് ചോദിക്കുകയോ ചെയ്യുന്ന ബാറുടമകൾക്ക് സംഘടനാ നേതൃത്വത്തിൽ നിന്ന് പ്രതികാര നീക്കങ്ങൾ ഉണ്ടായിട്ടുള്ളതായി മുൻ അനുഭവങ്ങൾ ഉണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൂന്നുലക്ഷം വീതം 700 ബാറുകളിൽ നിന്ന് പിരിച്ചെടുത്തത് ഇപ്പോഴത്തേതിന് സമാന വാഗ്ദാനങ്ങൾ നൽകിയായിരുന്നു. ആകെ പിരിഞ്ഞുകിട്ടിയ 21 കോടിയിൽ എത്ര തുക പറഞ്ഞ കാര്യത്തിന് ചിലവഴിച്ചു എന്നതിൽ ആർക്കും വ്യക്തതയില്ല. കണക്ക് ചോദിച്ചവരുടെ ബാറുകളിൽ എകൈ്സസ് പരിശോധനകളും ചിലയിടങ്ങളിൽ കടുത്ത നടപടികളും ഉണ്ടായത്, സംഘടനാ നേതൃത്വത്തിൽ ഉള്ളവർക്ക് സർക്കാരിലും വകുപ്പിലുമുള്ള ബന്ധങ്ങളുടെ ഫലമാണെന്ന് തന്നെ ഉറച്ചു വിശ്വസിക്കുകയാണ് പലരും. അതുകൊണ്ടാണ് ഇനിയും വഞ്ചിക്കപ്പെടാനില്ല എന്ന തീരുമാനത്തിൽ ഇത്തവണ ബഹുഭൂരിപക്ഷം പേരും നിൽക്കുന്നത്.

ഈ സാഹചര്യത്തിൽ പിരിവിനായി കൂടുതൽ സമ്മർദം ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്. പുറത്തുവന്ന ശബ്ദരേഖയിൽ തന്നെ അതിൻ്റെ ലക്ഷണങ്ങളുണ്ട്. സംഘടനയിൽ അതൃപ്തർ ധാരാളമുണ്ടെന്ന വ്യക്തമായ സൂചനയും സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയ അനിമോൻ്റെ വാക്കുകളിലുണ്ട്. ആസ്ഥാന മന്ദിരം പണിയാനാണ് പണപ്പിരിവെന്ന ഇപ്പോഴത്തെ വിശദീകരണം വിവാദം തണുപ്പിക്കാനുള്ള ദുർബലമായ പ്രതിരോധമാണ്. എന്നാൽ പിരിവിനായി കൂടുതൽ സമ്മർദം ഉണ്ടാക്കിയാൽ പലതും പുറത്തുവരുമെന്ന സൂചനകൾ മറുപക്ഷം സംഘടനാ നേതൃത്വത്തിനും പാർട്ടി നേതൃത്വത്തിനും പലവഴിക്ക് നൽകുന്നുണ്ട്. തിരുവനന്തപുരത്തെ ബാറുടമയായ സംസ്ഥാന നേതാവ് പാർട്ടിയിലും സർക്കാരിലും ഉള്ള തൻ്റെ ബന്ധങ്ങൾ ഉപയോഗിച്ച് കാലങ്ങളായി സംഘടനയെ വിറ്റുജീവിക്കുകയാണ് എന്ന വികാരം ശക്തമാണ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ബാർക്കോഴക്കേസ് ഉയർത്തിക്കൊണ്ട് വന്ന ബിജു രമേശിനെതിരെ നിലപാടെടുത്ത് അന്നത്തെ സർക്കാരിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നതും ഇതേ തിരുവനന്തപുരം സംഘം തന്നെയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top