പോലീസിൽ ‘നിർബന്ധിത വിരമിക്കൽ’; വഞ്ചനാകേസിൽ ജപ്തിഭീഷണി നേരിട്ട ഡിജിപി ഭരിക്കുമ്പോൾ പാവം പോലീസുകാർക്ക് ‘കർശന നടപടി’; വകതിരിവില്ലാതെ ഡിഐജി

സിബിഐ കേസിൽ പ്രതികളായവരും അഴിമതിക്ക് സസ്പെൻഷനിലായവരും വരെ കാര്യമായ പരുക്കില്ലാതെ കഴിഞ്ഞുപോകുന്ന ഡിപ്പാർട്ട്മെൻ്റിൽ സാധാരണ പോലീസുകാർക്കെതിരെ മാത്രം കടുത്ത അച്ചടക്കത്തിൻ്റെ വാളോങ്ങി ഉന്നത ഉദ്യോഗസ്ഥർ. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ എന്ന ഉദ്യോഗസ്ഥൻ ഏറ്റവും ഒടുവിൽ ഒപ്പിട്ട് ഉത്തരവാക്കിയിരിക്കുന്ന രണ്ട് അച്ചടക്ക നടപടിയുടെ കാരണം കേട്ടാൽ ഇവരുടെയൊക്കെ വകതിരിവും നീതിബോധവും താഴെത്തട്ടിലുളളവരോടുള്ള സഹാനുഭൂതിയും മനസിലാകും. ജോലിഭാരവും സമ്മർദങ്ങളും കാരണം പോലീസുകാരുടെ ആത്മഹത്യകൾ ഏറുന്നുവെന്ന് നിരീക്ഷിച്ച് അതിന് സങ്കടനിവൃത്തിക്കുള്ള സംവിധാനങ്ങൾ ഒരുവശത്ത് കൂടി ഒരുക്കുന്നുവെന്ന് പറയുമ്പോഴാണ് മറുവശത്ത് മനുഷ്യരാണെന്ന് പോലും പരിഗണിക്കാതെയുള്ള പ്രാകൃത നടപടികൾ.

VIDEO REPORT: https://youtu.be/4guKbzQsQzk?si=2OdX-Ultyz9nFo05 വഞ്ചനാകേസിൽ ജപ്തിഭീഷണി നേരിട്ട DGP ഭരിക്കുമ്പോൾ പാവം പോലീസുകാർക്ക് ചെറിയ വീഴ്ചകൾക്കും ‘കർശന നടപടി’

ആലപ്പുഴ ജില്ലയിലെ ഒരു എസ്ഐയെ സർവീസിൽ നിന്ന് പുറത്താക്കാൻ എടുത്തിരിക്കുന്ന തീരുമാനത്തിൻ്റെ കാരണം അയൽവാസിയുമായി വഴക്കുണ്ടായി എന്നതാണ്. നിർബന്ധിത വിരമിക്കലിന് (Compulsory Retirement from Service) നിർദേശിച്ച് കൊണ്ടുള്ള ഉത്തരവിൽ തന്നെ പറയുന്നുണ്ട്, എസ്ഐ ബൽജിത് ലാലിനെതിരെ ഉണ്ടായിരുന്ന പരാതിയിൽ തുടർനടപടികൾക്ക് താൽപര്യമില്ലെന്ന് അത് നൽകിയവർ തന്നെ അറിയിച്ചുവെന്ന്. അതുപക്ഷെ എസ്ഐയുടെ ഭാര്യയടക്കം ബന്ധുക്കൾ കരഞ്ഞ് കാലുപിടിച്ചത് കൊണ്ടാണന്ന് ബോധ്യപ്പെട്ടു എന്നാണ് ഡിഐജി ഉത്തരവിൽ പറയുന്നത്. അതിൻ്റെ പേരിലുണ്ടായിരുന്ന കേസ് ഇരുകൂട്ടരെയും കേട്ട് ഹൈക്കോടതി റദ്ദാക്കിയിട്ടുമുണ്ട്. എന്നിട്ടും നിലവിൽ പരാതിയുമില്ല കേസുമില്ല എന്നതൊന്നും പരിഗണിക്കാൻ ഡിഐജി തയാറില്ല, ശിക്ഷിച്ചേ തീരൂ. മാത്രവുമല്ല ഇവർ തമ്മിലുള്ള പ്രശ്നം പത്രമാധ്യമങ്ങളിൽ വാർത്തയായത് പോലീസിന് വല്ലാത്ത നാണക്കേട് ഉണ്ടാക്കിയത്രേ.

വഞ്ചനാക്കേസിൽ പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി ജപ്തിചെയ്ത് തുക ഈടാക്കാൻ കോടതി ഉത്തരവ് ഉണ്ടായതിൻ്റെ വാർത്തകൾ നാടായ നാടെല്ലാം പ്രചരിച്ചത് പുട്ട വിമലാദിത്യയെന്ന താരതമ്യേന ജൂനിയറായ ഐപിഎസ് ഉദ്യോഗസസ്ഥൻ അറിഞ്ഞിട്ടുണ്ടാകില്ല. മലയാളി അല്ലാത്തതിനാൽ വായിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. നിർഭാഗ്യവശാൽ ആരും അദ്ദേഹത്തിന് പറഞ്ഞും കൊടുത്തിട്ടുണ്ടാകില്ല. അതുകൊണ്ട് ഈ നാണക്കേടിൻ്റെ നാറ്റം അദ്ദേഹത്തിന് കിട്ടിയിട്ടില്ല. പക്ഷെ ആലപ്പുഴ ഏതോ ലോക്കൽ സ്റ്റേഷനിലെ എസ്ഐ പോലീസ് വകുപ്പിനാകെ ഉണ്ടാക്കിയ മാനക്കേട് കാരണം ഈ പാവം ഡിഐജി ഇപ്പോൾ തലകുനിച്ചാണ് നടക്കുന്നത്.

ഇനി ആലപ്പുഴ ജില്ലയിലെ തന്നെ കരീലക്കുലങ്ങരെ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.പ്രദീപിനെ സസ്പെൻഡ് ചെയ്യാൻ കാരണമായ കൊടിയ പാതകം എന്താണെന്ന് നോക്കാം. “ടിയാൻ്റെ നോട്ടുബുക്കിൽ അതാത് ദിവസത്തെ ഡ്യൂട്ടി വിവരങ്ങളും തീയതികളും മറ്റും കൃത്യമായി രേഖപ്പെടുത്താതെയും നോട്ടുബുക്ക് ഇഷ്യൂ ചെയ്ത തീയതി എഴുതാതെയും നോട്ടുബുക്കിൽ തെറ്റായ തീയതിയും മാസവും രേഖപ്പെടുത്തിയും കൈകാര്യം ചെയ്തുവന്നിരുന്നതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്”…. ഇതാണ് ഇക്കഴിഞ്ഞ എട്ടിന് പുട്ട വിമലാദിത്യ ഇറക്കിയ ഉത്തരവിൽ പറയുന്ന കുറ്റം. ഏതായാലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഇത് ഓറൽ എൻക്വയറി (Oral Enquiry), അഥവാ പോലീസിൽ പതിവുള്ള വാച്യാന്വേഷണം ആക്കി കുറയ്ക്കാൻ തീരുമാനമായി എന്നാണ് ഒടുവിൽ കിട്ടിയ വിവരം.

ALSO READ: ജോലി ഉപേക്ഷിച്ച് ഞെട്ടിച്ച് കോഴിക്കോട് എടച്ചേരി സബ് ഇൻസ്പെക്ടർ; ഹവിൽദാറായി തിരുവനന്തപുരത്ത് ക്യാംപിൽ ചേരും; ജോലി സമ്മർദ്ദമെന്ന് സൂചന; മനസ് തുറക്കാതെ കിരൺ

വാട്സാപ്പോ ഇമെയിലോ ഫോണോ പോലും വരുന്ന കാലത്തിന് മുൻപ് തുടങ്ങിയ ആചാരമാണ് പോലീസിലെ നോട്ടുബുക്കെഴുത്ത്. വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാനും അത് എളുപ്പത്തിൽ റിട്രീവ് ചെയ്തെടുത്ത് ഉപയോഗിക്കാനും കഴിയുന്ന എണ്ണമറ്റ ഡിജിറ്റൽ സംവിധാനങ്ങൾ ഉളള ഇക്കാലത്താണ് സ്കൂൾ ക്ലാസുകളിലെ മാതൃകയിൽ നോട്ടെഴുത്തിൻ്റെ പേരിൽ സസ്പെഷൻ പോലെ ജീവിതം വഴിമുട്ടിക്കുന്ന നടപടികൾ ഉണ്ടാകുന്നത്. സ്റ്റേഷൻ ചുമതലയുള്ളവർ അടക്കം പലരും ഇപ്പോഴിത് എഴുതാറില്ലെന്ന് ആർക്കും അറിയാത്തതല്ല. ഒരാളെ കൈകാര്യം ചെയ്യണമെന്ന് തോന്നിയാൽ കുത്തിപ്പൊക്കി എടുക്കാവുന്ന ഇത്തരം കുറെയധികം പഴുതുകൾ പോലീസിലുണ്ട് എന്നതാണ് വാസ്തവം.

മുൻപൊരിക്കൽ മാധ്യമ സിൻഡിക്കറ്റ് വാർത്തയിൽ ചൂണ്ടിക്കാട്ടിയത് പോലെ ഇന്നുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നും നിലവിൽ വരുന്നതിന് മുൻപ് തുടങ്ങിയ വയർലെസ് മീറ്റിങ് സാട്ട മുതൽ വെള്ളിയാഴ്ച പരേഡ് വരെ പോലീസുകാരുടെ ജീവിതം ദുസഹമാക്കാനുള്ള വേറെയും ഒട്ടനേകം സാധ്യതകളെ ഇപ്പോഴും ഈ വകുപ്പിൽ പരിപാലിച്ച് കൊണ്ടുപോരുന്നുണ്ട്. അതിൻ്റെയെല്ലാം ഫലമാണ് അടിക്കടി ഉണ്ടാകുന്ന ആത്മഹത്യകളെന്ന് വിവരമുള്ളവർ പലരും ചൂണ്ടിക്കാണിച്ചിട്ടും ഇത്ര വകതിരിവില്ലാത്ത ഉദ്യോഗസ്ഥരെ തലയ്ക്ക് മേലെ നിയമിച്ചാണ് പോലീസുകാരുടെ വിധിയെഴുതാൻ വിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top