‘അൻപോട് കാതലന്’ വിലയിട്ട് ഇളയരാജ; തുകയെണ്ണി കൊടുത്ത് തീർപ്പാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’
മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം തെന്നിന്ത്യയിലാകെ തരംഗമായി പടർന്നുകയറിയത് വളരെ പെട്ടെന്നാണ്. അതിലൊരു പങ്ക് സിനിമയുടെ അവസാന ഭാഗത്തിൽ ഉപയോഗിച്ച ‘കൺമണി അൻപോട്’ എന്ന് തുടങ്ങുന്ന ഗുണയിലെ ഗാനത്തിനുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് ഇതിൽ അവകാശവാദം ഉന്നയിച്ച് പ്രമുഖ സംഗീതജ്ഞൻ ഇളയരാജ രംഗത്തെത്തിയത്. ഗാനം ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ അല്ലെങ്കിൽ സിനിമയിൽ നിന്ന് നീക്കം ചെയ്യുകയോ വേണമെന്നായിരുന്നു ആവശ്യം.
രജനീകാന്തും കമൽഹാസനും അടക്കം തെന്നിന്ത്യയിലെ പ്രമുഖരെല്ലാം മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിൽകണ്ട് അഭിനന്ദിക്കുകയും സിനിമ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ് വരുന്നത്. പലവഴിക്ക് അനുനയത്തിന് ശ്രമിച്ചെങ്കിലും നേരിട്ടെത്തി കണ്ട് നടത്തിയ ചർച്ചകളിൽ രണ്ടുകോടിയാണ് പ്രതിഫലമായി ചോദിച്ചത്. പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ 45 ലക്ഷത്തിനാണ് തീർപ്പാക്കിയത്.
1991ൽ റിലീസ് ചെയ്ത ‘ഗുണ’ എന്ന സിനിമക്ക് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയതാണ് ‘കൺമണി അൻപോട്’ എന്ന് തുടങ്ങുന്ന ഗാനം. ഇക്കാര്യം മഞ്ഞുമ്മൽ ബോയ്സിൻ്റെ ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്നും ചട്ടപ്പടി തന്നെ അനുമതി വാങ്ങണമെന്നും ആയിരുന്നു അഭിഭാഷകൻ മുഖേന ഇളയരാജ അറിയിച്ചത്. ഇതോടെ നിർമാതാക്കൾ ചെന്നൈയിലെത്തി പലവട്ടം ചർച്ചകൾ നടത്തിയാണ് സമവായത്തിലേക്ക് എത്തിച്ചത്.
അടുത്തവർഷം റിലീസ് ചെയ്യാനിരിക്കുന്ന രജനീകാന്ത് ചിത്രം ‘കൂലി’യിൽ ഇളയരാജയുടെ മറ്റൊരു ചിത്രത്തിലെ ഗാനം ഉപയോഗിക്കാനുള്ള നീക്കവും തർക്കത്തിലായിരുന്നു. 1983ലെ ‘തങ്ക മകൻ’ എന്ന ചിത്രത്തിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കൂലിയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതൊന്നും കൂടാതെ, 1990വരെയുള്ള ഇരുപത് വർഷക്കാലം അദ്ദേഹം സംഗീതം നൽകിയ 4500ലേറെ ഗാനങ്ങളുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ വേണ്ടി നിയമപോരാട്ടത്തിലുമാണ് 81കാരനായ ഇളയരാജ.
എന്നാൽ പ്രതിഫലം കൈപ്പറ്റി ചെയ്ത ജോലിയെന്ന നിലയ്ക്ക് സംഗീതം ചെയ്തയാൾക്ക് അവകാശം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്ന് എതിർകക്ഷികൾ വാദം ഉന്നയിച്ചു. മികച്ച വരികളില്ലാതെ നല്ല ഗാനങ്ങളുണ്ടാകില്ല എന്നിരിക്കെ, സംഗീതത്തിന് മേൽ മാത്രം ഇളയരാജ അവകാശവാദം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന വാദത്തിനിടെ മദ്രാസ് ഹൈക്കോടതിയും ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here