കലക്ടര്‍ക്കു കുടിക്കാന്‍ ബിസ്ലേരിക്ക് പകരം ‘ബില്‍സേരി’; കുപ്പിവെള്ള വ്യാജന്മാരെ ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചു
ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് വ്യാജന്‍ ഇറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. ലോകത്ത് എല്ലായിടത്തും സംഭവിക്കുന്ന ഒരു സാധാരണ സംഭവം എന്നും പറയാം. പക്ഷേ, ഭക്ഷണ- പാനീയങ്ങള്‍ക്ക് വ്യാജനിറക്കി കച്ചവടം നടത്തുന്നത് ഒരുപക്ഷേ ഇന്ത്യയില്‍ മാത്രമാവാം. നിയമം ഉണ്ടെങ്കിലും വ്യാജന്മാരാണ് ഈ രംഗത്ത് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബാഗ്‌പേട് ജില്ലാ ആസ്ഥാനത്ത് ജില്ലാ ഭരണാധികാരികളായ കലക്ടറും പോലീസ് സൂപ്രണ്ടുമൊക്കെ പങ്കെടുത്ത ഒരു യോഗം നടന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ സമാധാന ദിവസം എന്ന പരിപാടിയുടെ ഭാഗമായി വേദിയിലിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിക്കാന്‍ കുപ്പിവെള്ളം മേശപ്പുറത്ത് വെച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ബിസ്ലേരിയുടെ കുപ്പിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും.
കലക്ടര്‍ ജിതേന്ദ്ര പ്രതാപ് സിംഗിന് കുടിക്കാന്‍ കൊടുത്ത കുപ്പിയിലൊന്ന് അദ്ദേഹം സൂക്ഷിച്ചു നോക്കി. ബില്‍സേരി (Bilseri) എന്നാണ് കുപ്പിയില്‍ എഴുതിയിരുന്നത്. ബിസ്ലേരി (Bisleri ) എന്നാണ് യഥാര്‍ത്ഥ കുപ്പിവെള്ള ബ്രാന്‍ഡിന്റെ പേര്. മതിയായ ലൈസന്‍സോ, മറ്റ് നിയമപരമായ അംഗീകാരങ്ങളോ ഒന്നുമില്ലാത്ത തനി വ്യാജനെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കുടിക്കാന്‍ സംഘാടകര്‍ എത്തിച്ചു നല്‍കിയത്. വ്യാജന്‍ കുടിച്ച് കുഴപ്പമുണ്ടാക്കുന്നതിന് മുമ്പ് തന്നെ വ്യാജനെ പൂട്ടാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുടിവെള്ളക്കാരനെ തപ്പിയിറങ്ങി. യോഗം നടക്കുന്നതിന് തൊട്ടടുത്ത ഒരു കടയില്‍ നിന്നാണ് സംഘാടകര്‍ വെള്ളക്കുപ്പികള്‍ വാങ്ങിയത്. കടക്കാരനെത്തന്നെ ആദ്യം പൊക്കി. ചുറ്റുവട്ടത്തുള്ള പല കടകളിലും ബില്‍സേരി, സലേരി, സെലേരി എന്നൊക്കെ പേരുകളില്‍ കുപ്പിവെള്ളം വില്‍ക്കുന്നത് കണ്ടെത്തി. ജില്ലാ കേന്ദ്രത്തിലും പരിസര പ്രദേശങ്ങളില്‍ നിന്നും വിതരണക്കാരെ പിടികൂടി. 2600 ലധികം ബോട്ടിലുകള്‍ പിടിച്ചെടുത്തു. ബുള്‍ഡോര്‍ ഉപയോഗിച്ച് ഈ ബോട്ടിലുകള്‍ നശിപ്പിക്കുകയും ചെയ്തു.
ഹരിയാനയില്‍ നിന്നാണ് കുടിവെള്ള ബ്രാന്‍ഡുകളുടെ വ്യാജന്‍ കുപ്പിയിലാക്കി വിതരണത്തിന് എത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ വ്യാജ ബ്രാന്‍ഡ് വിറ്റ കടക്കാരുടെ ലൈസന്‍സ് റദ്ദാക്കി കടകള്‍ പൂട്ടിച്ചു. രാജ്യത്തെ കുപ്പിവെളള വിപണിയുടെ 60 ശതമാനം കൈയ്യടക്കി വെച്ചിരിക്കുന്ന പാര്‍ലെ ഗ്രൂപ്പിന്റെ ബിസ്ലേരിയുടെ മാര്‍ക്കറ്റ് പിടിച്ചെടുക്കാനാണ് വ്യാജനുമായി വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. 7000 കോടിയുടെ കുപ്പിവെള്ള ബിസിനസാണ് ഈ കമ്പനി ഒരു വര്‍ഷം നടത്തുന്നത്. രാജ്യ വാപകമായി ബിസ്ലേരിക്ക് വ്യാജന്മാരുണ്ടെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here