കാനില്‍ ഇന്ത്യയുടെ അഭിമാനമായി ദിവ്യപ്രഭയും കനി കുസൃതിയും; പായൽ കപാഡിയ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി; വ്യത്യസ്തമായ കഥാപാത്രമെന്ന് ദിവ്യപ്രഭ

മുപ്പത് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സിനിമ കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് എത്തുകയാണ്. പായല്‍ കപാഡിയ സംവിധാനം ചെയ്യുന്ന ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ഹിന്ദി-മലയാള ചിത്രമാണ് ഇതിന് കാരണമാകുന്നത്. മലയാള സിനിമയിലെ അഭിനേതാക്കളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. മെയ് 14 മുതല്‍ 25 വരെയാണ് 77-ാമത് കാന്‍ ചലച്ചിത്ര മേള നടക്കുക. ലേഡിബേര്‍ഡ് ആന്‍ഡ് ബാര്‍ബിയുടെ ഡയറക്ടര്‍ ഗ്രെറ്റ ഗെര്‍വിഗ് ജൂറി അധ്യക്ഷയാകും.

“പ്രായം കൊണ്ടും സ്വഭാവം കൊണ്ടും ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പായലിന്റെ സിനിമയിലെ അനു എന്ന കഥാപാത്രം. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ യാതൊരു ഷെയ്ഡും അനുവിനില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ആക്ടിങ് സ്‌കൂള്‍ തന്നെയായിരുന്നു. മെയ് 23നാണ് കാനില്‍ ഞങ്ങളുടെ സിനിമയുടെ പ്രീമിയര്‍. ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണ്,” ദിവ്യപ്രഭ മാധ്യമസിന്‍ഡിക്കറ്റിനോട് പറഞ്ഞു.

1994-ല്‍ പുറത്തിറങ്ങിയ ഷാജി എന്‍ കരുണിന്റെ സ്വം എന്ന ചിത്രമാണ് അവസാനമായി പാം ഡിയോര്‍ പുരസ്‌കാരത്തിനായി കാന്‍ ചലച്ചിത്ര മേളയില്‍ എത്തിയത്. മാഗ്‌നസ് വോണ്‍ ഹോണിന്റെ ദി ഗേള്‍ വിത്ത് ദ നീഡില്‍, പൗലോ സോറന്റീനോയുടെ പാര്‍ഥെനോപ്പ്, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ മെഗാലോപോളിസ്, സീന്‍ ബേക്കറുടെ അനോറ, യോര്‍ഗോസ് ലാന്തിമോസിന്റെ കൈന്‍ഡ്‌സ് ഓഫ് ദയ, പോള്‍ ഷ്രാഡറിന്റെ ഓ കാനഡ, എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് പായല്‍ കപാഡിയയുടെ ചിത്രം മത്സരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top