ഡികെയുടെ മൃഗബലി ആരോപണം എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി; പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയില്ലെന്നും കെ രാധാകൃഷ്ണന്‍

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം സംബന്ധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. രാജരാജേശ്വര ക്ഷേത്രം ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നു. ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് കിട്ടിയത്. പിന്നെ എന്തുകൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞു എന്നത് പരിശോധിക്കണം. വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡികെ ശിവകുമാര്‍ മൃഗബലി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും തനിക്കുമെതിരെ മൃഗബലിയടക്കമുളള പൂജകള്‍ നടത്തിയിട്ടുണ്ട്. കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് പൂജകള്‍ക്ക് പിന്നില്‍. ഇതാരാണെന്ന് വ്യക്തമായി അറിയാമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപമാണ് പൂജകള്‍ നടന്നതെന്നും ശിവകുമാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്ന് ശിവകുമാര്‍ തിരുത്തി. വാക്കുകള്‍ വളച്ചൊടിക്കരുത്. മൃഗബലി നടന്ന സ്ഥലം മനസിലാകുന്നതിനാണ് ക്ഷേത്രത്തിന് സമീപം എന്ന് പറഞ്ഞതെന്നും രാജരാജേശ്വര ക്ഷേത്രത്തില്‍ പലതവണ വന്നുതൊഴുത ഭക്തനാണെന്നും ശിവകുമാര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top