കൊല്ലത്ത് ഡിഎംകെ കളംപിടിക്കുന്നു; ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം, കലൈഞ്ജറുടെ പാർട്ടി രണ്ടാം സ്ഥാനത്ത്

കൊല്ലം : തമിഴ്‌നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പുനലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ നടത്തിയിരിക്കുന്നത് മിന്നുന്ന പ്രകടനം. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളി മുന്നില്‍ എത്തിയിരിക്കുകയാണ് ഡിഎംകെ. വലിയ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിച്ചപ്പോള്‍ ഡിഎംകെ അപ്രതീക്ഷിതമായി രണ്ടാം സ്ഥാനത്ത് എത്തി. മത്സരം നടന്ന 13 സീറ്റിലും രണ്ടാം സ്ഥാനത്ത് എത്താന്‍ ഡിഎംകെക്കായി. തമഴ്‌നാട് ഗതാഗതമന്ത്രി എസ്.എസ്.ശിവശങ്കര്‍, തെങ്കാശി എം.പി ധനുഷ് എം.കുമാര്‍ എന്നിവടക്കം പ്രമുഖ നേതാക്കളാണ് ഒരു ബാങ്ക് തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനുണ്ടായിരുന്നത്. പകുതി വിലയ്ക്ക് അരി വിതരണമടക്കമുള്ള വാഗ്ദാനങ്ങളും നല്‍കിയാണ് ഡിഎംകെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 60 വര്‍ഷമായി സിപിഎം നേതൃത്വത്തിലാണ് പുനലൂര്‍ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ തന്നെയാണ് ഇടതു മുന്നണി വിജയിച്ചത്. 80 ശതമാനം വോട്ട് നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ ഡിഎംകെയ്ക്ക് 15 ശതമാനവും .യുഡിഎഫിന് 5 ശതമാനം വോട്ടും ലഭിച്ചു. പോള്‍ ചെയ്ത് 4193 വോട്ടുകളില്‍ 3046 വോട്ടുകള്‍ ഇടതുമുന്നണിയ്ക്ക് ലഭിച്ചു. ഡിഎംകെയ്ക്ക് 450 ഉം, യുഡിഎഫിന് വെറും ഇരുന്നൂറില്‍ താഴെ മാത്രം വോട്ടുകളുമാണ് ലഭിച്ചത്.

കൊല്ലത്ത് സജീവ സാന്നിധ്യം

കൊല്ലം ജില്ലയില്‍ തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോര പ്രദേശങ്ങളിലാണ് ഡിഎംകെ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് കൊല്ലത്ത് ഡിഎംകെ ഘടകം നിലവില്‍ വന്നത്. ആര്യങ്കാവ് പഞ്ചായത്തില്‍ ഒരു ജനപ്രതിനിധിയുമുണ്ട്്. സമീപ പഞ്ചായത്തുകളില്‍ സംഘടന സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്. പുനലൂര്‍, ചടയമംഗലം, പത്തനാപുരം, കൊട്ടാരക്കര, കുന്നത്തുനാട് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ മണ്ഡലം കമ്മറ്റിയും രൂപീകരിച്ചു. അടുത്ത തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ളയിടങ്ങളിലെല്ലാം മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലെ 35 സീറ്റിലും മത്സരിക്കുമെന്നും പത്ത് സീറ്റെങ്കിലും പാര്‍ട്ടി പിടിച്ചെടുക്കുമെന്നും ഡിഎംകെ കൊല്ലം ജില്ലാ സെക്രട്ടറി റെജി രാജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

12 നിയമസഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ

“തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് ഡിഎംകെ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സമീപ ജില്ലാ കമ്മറ്റികള്‍ക്കാണ് ഇത്തരമൊരു ചുമതല നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 12 മണ്ഡലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന്” റെജി രാജ് പറഞ്ഞു. തമിഴ്‌നാട് ഭരണത്തിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസുമായും സിപിഎമ്മുമായും ഒരു മുന്നണി ബന്ധത്തിനും കേരളത്തില്‍ ഡിഎംകെ തയാറല്ല. ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കാനാണ് ശ്രമം. പുനലൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം യുഡിഎഫിനും നാണക്കേടാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top