എല്ലാവർക്കും എംജിആർ ആകാനാവില്ല; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കി ഡിഎംകെ നേതാവ്
സിനിമാ ജീവിതത്തിൽ ലക്ഷണക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ വിജയ് രാഷ്ട്രീയത്തിലും പുതിയ ചുവടുവയ്പിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഔദ്യോഗികമായി വിജയ് പ്രഖ്യാപിച്ചത്. ഏതാനും ദിവസം മുൻപ് പാർട്ടി പതാകയും ഗാനവും പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയ് പുറത്തിറക്കി.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കിയിരിക്കുകയാണ് ഡിഎംകെ നേതാവ് ആർ.എസ്.ഭാരതി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എംജി രാമചന്ദ്രനെപ്പോലെയാകാൻ എല്ലാവർക്കും കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. “രാഷ്ട്രീയ പാർട്ടി ആര് തുടങ്ങിയാലും ഞങ്ങൾക്ക് ആശങ്കയില്ല. കുറച്ചു നാളുകൾ അവർക്ക് നിലനിൽക്കാൻ കഴിഞ്ഞേക്കും, പക്ഷേ അധിക കാലം നിലനിൽക്കാൻ കഴിയില്ല. സ്വന്തം പാർട്ടി തുടങ്ങുന്ന എല്ലാവർക്കും എംജിആറിനെപ്പോലെ ആകാൻ കഴിയില്ല,” നാഗപട്ടണത്ത് നടന്ന ഒരു പരിപാടിയിൽ ഭാരതി പറഞ്ഞു.
എംജിആർ പോലും സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചിട്ടില്ലെന്നും ഡിഎംകെ വിട്ട് സ്വന്തം പാർട്ടി തുടങ്ങുകയായിരുന്നുവെന്നും ആർ.എസ്.ഭാരതി പറഞ്ഞു. എംജിആർ ഡിഎംകെയെ വിഭജിക്കുകയും ഒരു കൂട്ടം നേതാക്കളെ തന്നോടൊപ്പം കൊണ്ടുപോകുകയും ചെയ്തു. ഇത് കണ്ടിട്ടാണ് പലരും സ്വന്തം പാർട്ടികൾ തുടങ്ങുന്നതും അടുത്ത ദിവസം തന്നെ നിയമസഭയിലെത്താമെന്ന് സ്വപ്നം കാണുകയും ചെയ്യുന്നതെന്ന് ഭാരതി അഭിപ്രായപ്പെട്ടു. 75 വർഷമായി നിലനിൽക്കുന്ന പാർട്ടിയാണ് ഡിഎംകെയെന്നും നിരവധി കൊടുങ്കാറ്റുകളെയും സുനാമികളെയും അതിജീവിച്ചിട്ടുണ്ടെന്നും ഭാരതി വ്യക്തമാക്കി.
എംജിആർ ഡിഎംകെ വിട്ട് 1972 ലാണ് എഐഎഡിഎംകെ എന്ന സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. പിന്നീട്, തുടർച്ചയായി മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here