കെ.പൊന്മുടിക്ക് സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണറുടെ ക്ഷണം; ഫലിച്ചത് സുപ്രീംകോടതിയുടെ താക്കീത്; പൊന്മുടി ഇന്ന് വീണ്ടും മന്ത്രിയാകും
ഡല്‍ഹി: ഡിഎംകെ നേതാവ് കെ.പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ക്ഷണിച്ചു. സുപ്രീംകോടതി താക്കീത് ലഭിച്ചതിന് ശേഷമാണ് ഗവര്‍ണറുടെ നടപടി. പൊന്‍മുടിയുടെ സത്യപ്രതിജ്ഞ ഇന്നുച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കും. സത്യപ്രതിജ്ഞക്ക് ക്ഷണം നല്‍കിയ കാര്യം അറ്റോണി ജനറലാണ് സുപ്രീം കോടതിയെ അറിയിച്ചത്. കോടതി നിര്‍ദേശം ഗവര്‍ണര്‍ ഒരിക്കലും അവഗണിക്കില്ലെന്ന് അറ്റോണി ജനറല്‍ വ്യക്തമാക്കി.
വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍, ശിക്ഷ മാര്‍ച്ച് 11-ന് സുപ്രീംകോടതി സ്റ്റേചെയ്തു. ഇതോടെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ നടപടിക്ക് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് എതിര്‍ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവര്‍ണര്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇന്ന് തങ്ങള്‍ക്ക് ഉത്തരവിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശിക്ഷ സ്റ്റേചെയ്യപ്പെട്ടശേഷം മന്ത്രിയാക്കുന്നത് എങ്ങനെയാണ് ഭരണഘടനാ ധാര്‍മികതയ്ക്ക് എതിരാകുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
അനധികൃത സ്വത്തുസമ്പാദന കേസില്‍ പൊന്‍മുടിക്കും ഭാര്യ വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോതി മൂന്നുവര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. പിന്നാലെ പൊന്‍മുടിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും മന്ത്രിപദവി നഷ്ടപ്പെടുകയുംചെയ്തു. ഇതിനെതിരേ പൊന്മുടി സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് കഴിഞ്ഞ 11-നാണ് ഹൈക്കോടതിവിധി സ്റ്റേചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. വീണ്ടുമൊരു സത്യപ്രതിജ്ഞയുടെ ആവശ്യമുണ്ടോ എന്ന് വരെ വാദത്തിനിടയില്‍ സുപ്രീംകോടതി ആരാഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here