സർക്കാർ അനാസ്ഥയിൽ ജീവനൊടുക്കിയ ഗിരിയുടെ വിഷയത്തിൽ ഇടപെട്ട് ഡിഎംകെ; പി വി അൻവർ പിന്തുണ അറിയിച്ചു

സർക്കാർ ഭൂമി ഏറ്റെടുത്തിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരതുക നൽകാത്തതിനെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന കിളിമാനൂരിലെ കെ വി ഗിരിയുടെ വീട് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (DMK) പ്രതിനിധിസംഘം സന്ദർശിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി വി അൻവർ എംഎൽഎയുടെ പിന്തുണ കുടുംബത്തിന് വാഗ്ദാനം ചെയ്തു. കുടുംബത്തോട് അൻവർ ഫോണിൽ സംസാരിച്ചു. സംസ്ഥാന കോർഡിനേറ്റർ അഡ്വ. വി എസ് മനോജ്‌കുമാറിൻ്റെ നേതൃത്വത്തിലാണ് ഡിഎംകെ സംഘം കിളിമാനൂരിലെ വീട്ടിലെത്തിയത്.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിനായി 2023ലാണ് ഗിരിയുടെ അടക്കം ഭൂമി സർക്കാർ ഏറ്റെടുത്തത്. ഇതിൻ്റെ നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാൽ ഗതികേടിലായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. മകളുടെ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗിരിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സർക്കാരിൽ നിന്ന് ഭൂമിയുടെ വില കിട്ടുമെന്ന ഏക പ്രതീക്ഷയിലായിരുന്നു ജീവിതം. ഭൂമി വിട്ടുകൊടുക്കുമ്പോൾ പ്രതീക്ഷിച്ച തുക കിട്ടില്ല എന്ന സ്ഥിതിയാണ് ഇപ്പോൾ. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുമ്പോഴാണ് ഒരാളുടെ മരണം ഉണ്ടായിരിക്കുന്നത്.
Also Read: സർക്കാർ വാക്ക് പാലിക്കാത്തതിനാൽ ഗൃഹനാഥൻ ജീവനൊടുക്കി; മൃതദേഹവുമായി പ്രതിഷേധിക്കാൻ നാട്ടുകാർ
സർക്കാരിൻ്റെ വഞ്ചന കാരണം സാധാരണക്കാർ ജീവനൊടുക്കുന്ന സാഹചര്യം ഗൗരവമാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷം മൗനം വെടിഞ്ഞ് ഇരയ്ക്കും ആശ്രിതർക്കും ഒപ്പം നിൽക്കണമെന്ന് ഡിഎംകെ കോർഡിനേറ്റർ അഡ്വ മനോജ്‌കുമാർ അഭ്യർത്ഥിച്ചു. റോഡിനും മറ്റ് ആവശ്യങ്ങൾക്കുമായി ഏറ്റെടുത്ത ഭൂമിയുടെ വില ഉടനടി വിതരണം ചെയ്യണം. ഗിരിയെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും മനോജ് കുമാർ ആവശ്യപ്പെട്ടു. ഡിഎംകെ ജില്ലാ കോർഡിനേറ്റർമാരായ ജോണി മലയം, വി വി സജിമോൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here