സിപിഎമ്മിന് കില്ലർ സ്ക്വാഡുകളുണ്ടോ? കണ്ണൂർ പാർട്ടിയിലെ ന്യൂജെൻ പോരിൻ്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം

രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ സിപിഎമ്മിന് പ്രത്യേക കില്ലർ സ്ക്വാഡുകൾ ഉണ്ടെന്ന വെളിപ്പെടുത്തലുകളെ ച്ചൊല്ലി കണ്ണൂരിലെ പാർട്ടിക്കുള്ളിലും പുറത്തും വൻ ചർച്ചകൾ നടക്കയാണ്. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മനു തോമസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് പാർട്ടി പ്രതിസ്ഥാനത്ത് വന്ന മുൻകാല കൊലപാതകങ്ങളിലേക്ക് വീണ്ടും ശ്രദ്ധയാകർഷിച്ചിക്കുന്നത്. പാർട്ടി നടത്തിയ കൊലകൾ പ്രത്യേകിച്ച്, ഒഞ്ചിയത്ത് ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ്റെ കൊലയും എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിൻ്റെ കൊലയും വിപ്ലവമായിരുന്നില്ല, മറിച്ച് വൈകൃതമായിരുന്നു എന്നാണ് മനു തോമസ് സോഷ്യൽ മീഡിയായിൽ കുറിച്ചത്. പാർട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലകളായിരുന്നു എന്നാണ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന നേതാവ് വിളിച്ചുപറയുന്നത്. ദീർഘകാലം ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡൻ്റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായിരുന്ന മനുവിൻ്റെ തുറന്ന് പറച്ചിലിനെ വെറുതെ തള്ളിക്കളയാനുമാവില്ല.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ, പ്രത്യേകിച്ച് സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നും നടപ്പാക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്ന കൊലപാതക കേസുകളെക്കുറിച്ച് അവയിൽ ഇരയായ നേതാക്കളുടെയും, ഓപ്പറേഷന് ചുമതലപ്പെടുത്തപ്പെട്ട നേതാക്കളുടെയും വെളിപ്പെടുത്തലുകളെക്കുറിച്ച് ഒരന്വേഷണമാണ് നടത്തുന്നത്.

കയ്യൂർ സമരനായകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.മാധവൻ 1996ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന് എഴുതിയ കത്തിൽ പാർട്ടി നിർദേശ പ്രകാരം തൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികളെ ഉൻമൂലം ചെയ്യാൻ നടത്തിയ കാര്യങ്ങൾ തുറന്നെഴുതിയിട്ടുണ്ട്. കേരള ഗാന്ധി എന്നറിയപ്പെട്ട കേളപ്പനെ കൊല്ലാൻ പാർട്ടി കൊലപാതക സംഘത്തെ ചുമതലപ്പെടുത്തിയതായി കത്തിൽ വിവരിച്ചിട്ടുണ്ട്.

“കൽക്കട്ട തീസിസിന് വിരുദ്ധ നിലപാടുത്ത എനിക്ക് മാപ്പ് തന്ന ശേഷം എൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കെ.വി.നാരായണൻ നമ്പ്യാരെ നിയോഗിക്കുകയും തുടർന്ന് അദ്ദേഹത്തിൻ്റേയും ഇ.കെ.നായനാരുടേയും അറിവോടെ കാസർകോട് പാർട്ടി രഹസ്യമായി യോഗംചേർന്ന് മടിക്കൈയിലും മറ്റ് ചില സ്ഥലങ്ങളിലും ഹിറ്റ് ലിസ്റ്റിൽ പെട്ട ശത്രുക്കളെ ഉൻമൂലനം ചെയ്യാനും കിണാവൂരും ക്ലായിക്കോട്ടുമുള്ള കോൺഗ്രസ് പന്തലിന് തീവെക്കാനും തീരുമാനിച്ചു. ഇതിനായി എൻ്റെയും പി.അമ്പു നായരുടെയും നാരായണ വാര്യരുടെയും കയ്യൂരിലെ വി.വി.കുഞ്ഞമ്പു വിൻ്റേയും നേതൃത്വത്തിൽ കൊലപാതക സംഘങ്ങൾ നിയോഗിക്കപ്പെട്ടു. ഇതിൽ എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നത് ഒരിക്കൽ ഞാൻ പിതാവിന് തുല്യമായി ബഹുമാനിക്കുകയും ചെയ്തിരുന്ന കേരള ഗാന്ധി കേളപ്പജിയെ ടി.വി.കുഞ്ഞമ്പുവിൻ്റെ നേതൃത്വത്തിൽ കൊല്ലാൻ ഞങ്ങൾ കൂട്ടായി എടുത്ത തീരുമാനമായിരുന്നു. കിണാവൂരിൽ കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിക്കാനെത്തുന്ന കേളപ്പനെ, സർ സിപിയെ കൊന്ന മോഡലിൽ ജനറേറ്റർ തകർത്ത് ഇരുട്ടിൻ്റെ മറവിൽ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ ഞാനടക്കമുള്ള സഖാക്കളുടെയും നമ്മുടെ പ്രസ്ഥാനത്തിൻ്റേയും ഭാഗ്യത്തിന് കനത്ത പോലീസ് ബന്തവസ് മൂലം ആ കൃത്യം നടക്കാതെ പോയി “.

കെ.മാധവൻ്റെ മകൻ ഡോ.അജയകുമാർ കോടോത്ത് എഴുതിയ “ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട്” എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. (Page. 214-219) 1996ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം അവസാനിപ്പിച്ച് കെ.മാധവൻ ഇഎംഎസിന് എഴുതിയ കത്ത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നത് പാർട്ടി നയമാണെന്നാണ് കെ.മാധവൻ സ്വന്തം അനുഭവങ്ങളടക്കം തെളിവ് നിരത്തി പറയുന്നത്.

സിപിഎമ്മിൽ നിന്ന് പുറത്തായ എം.വി.രാഘവനെ കൊല്ലാൻ പലവട്ടം കില്ലർ സ്ക്വാഡുകളെ നിയോഗിച്ച കാര്യം അദ്ദേഹത്തിൻ്റെ ‘ഒരു ജന്മം’ എന്ന ആത്മകഥയിൽ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. “സിഎംപിക്കും എനിക്കും എതിരായുള്ള അക്രമ സമരങ്ങൾ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നപ്പോൾ എന്നെ ശാരീരികമായി വകവരുത്താനായി അവരുടെ നീക്കം. അതിനുള്ള പരിപാടികൾ സിപിഎം നേതൃത്വം ആവിഷ്കരിച്ചു. ആ ഗൂഢാലോചനയുടെ അനന്തര ഫലമായിരുന്നു കൂത്ത്പറമ്പ് വെടിവയ്പ്.” (Page. 366)

എം.വി.രാഘവനെ കൊല്ലാൻ കഴിയാതെ വന്നപ്പോൾ പാപ്പിനശ്ശേരിയിലെ അദ്ദേഹത്തിൻ്റെ കുടുംബവീട് മണ്ണെണ്ണ ഒഴിച്ച് തീകത്തിച്ചു. ജാമാതാവ് പ്രൊഫ.ഇ.കുഞ്ഞിരാമൻ്റെ തെങ്ങിൻതോട്ടം വെട്ടി നശിപ്പിച്ചു. എംവിആറിനോടുള്ള പ്രതികാരമായി അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള പറശ്ശനിക്കടവ് സ്നേക്ക് പാർക്ക് തീയിട്ട് പക്ഷികളേയും മൃഗങ്ങളെയും ചുട്ടെരിച്ചു. “അഹസിഷ്ണുതയാണ് സിപിഎമ്മിൻ്റെ മുഖ മുദ്ര – രാഷ്ട്രീയലക്ഷ്യം നേടാൻ, പകപോക്കാൻ എന്ത് മാർഗവും അവലംബിക്കാൻ മടിക്കാത്ത പാർട്ടിയാണ് സിപിഎം എന്നതാണ് കൂത്തുപറമ്പിൻ്റെ സന്ദേശം.” തൻ്റെ പഴയ പ്രസ്ഥാനത്തെക്കുറിച്ച് ‘ഒരുജന്മ’ത്തിൽ രാഘവൻ പറയുന്നു. (Page. 370)

കണ്ണൂരിൽ പാർട്ടി എതിരാളികൾക്കെതിരെ നടത്തിയിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് സിപിഎം മുൻ നേതാവും എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടി ‘നിങ്ങളെന്നെ കോൺഗ്രസാക്കി’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. “അബ്ദുള്ളക്കുട്ടീ, നിൻ്റെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാർ മൃഗങ്ങളാണ് ” – മുൻ എംഎൽഎയും ഡിവൈഎഫ്ഐ സംസ്ഥാന നേതാവുമായിരുന്ന എം .ദാസൻ കണ്ണൂരിലെ പാർട്ടിയുടെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് മനസ് മടുത്ത് പറഞ്ഞത വാക്കുകളാണ് ഇതെന്ന് അബ്ദുള്ളക്കുട്ടി എഴുതിയിട്ടുണ്ട്. “നിങ്ങക്ക് ഇത് സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞുകൂടേ ദാസേട്ടാ- ഞാൻ ചോദിച്ചു. “നമ്മള് അതിനെതിരെ പറഞ്ഞാൽ നിൻ്റെ ധീരന്മാരായ നേതാക്കൾ നമ്മുടെ ജീവിതം കൊണ്ട് പന്ത് കളിക്കില്ലേ?” എന്നായിരുന്നു എം.ദാസൻ്റെ മറുപടി. (Page. 116) കൊലപാതകത്തെ എതിർക്കുന്നവർ സ്വന്തം പാർട്ടിക്കാരാണെങ്കിലും അവരെ കൈകാര്യം ചെയ്യുമെന്നായിരുന്നു സംസ്ഥാന കമ്മറ്റി അംഗത്തിൻ്റെ പോലും ഭയം.

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊന്നത് പാർട്ടി നിയോഗിച്ച വാടക കൊലയാളികളെ ഉപയോഗിച്ചായിരുന്നു. ചന്ദ്രശേഖരനുമായി വ്യക്തി വൈരാഗ്യമോ വിരോധമോ ഇല്ലാത്ത കൊലയാളി സംഘമാണ് അദ്ദേഹത്തെ കൊന്നതെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ആ കൊലപാതകം സൃഷ്ടിച്ച പ്രകമ്പനങ്ങൾ കഴിഞ്ഞ 12 വർഷമായി സിപിഎമ്മിനെ വേട്ടയാടുകയാണ്. കേരളത്തിലെ അക്രമരാഷ്ട്രിയത്തിൻ്റെ ഒരിക്കലും ആരും മറക്കാത്ത ഏടുമാണ്.

ഇതിനെല്ലാം ശേഷം സിപിഎമ്മിൻ്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി രാഷ്ട്രീയ എതിരാളികളെ വാടക കൊലയാളികളെ ഉപയോഗിച്ചും അല്ലാതെയും കൊന്നൊടുക്കിയെന്ന് പ്രസംഗിച്ചത് രാജ്യാന്തര തലത്തിൽ തന്നെ വലിയ ചർച്ചയായി. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് മണി വിവാദമായ വൺ, ടു, ത്രീ പ്രസംഗം നടത്തിയത്. 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് വച്ചായിരുന്നു ചരിത്രമായ ഈ പ്രസംഗം. ‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിന് കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നുപേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടിൽ ഒരാളെയും കൊന്നു ‘വൺ, ടു, ത്രീ, ഫോർ…’ നല്ല ഒഴുക്കിൽ മണിയുടെ പ്രസംഗം ഇങ്ങനെ പോയി. എന്നാൽ ഇതിൻ്റെ പേരിൽ പോലീസ് നാല് കേസെടുത്തു. കോൺഗ്രസ് യുവ നേതാവായിരുന്ന ബേബി അഞ്ചേരി, കോൺഗ്രസ് പ്രാദേശിക പ്രവർത്തകരായിരുന്ന മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെ കുറിച്ചാണ് മണി പരാമർശിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായി 46 ദിവസം റിമാൻഡിലും കഴിഞ്ഞു. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ കേസുകൾ തള്ളിപ്പോയി. ഇതിന് പിന്നാലെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാണ് എം.എം.മണി പിണറായി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top