മട്ടന്നൂർ ലൈബ്രറിയുടെ വിദ്യാരംഭം സനാതന ധർമ്മത്തിന് എതിരെന്ന് പരാതി; ഹർജി തളളി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; നാടിൻ്റെ മതേതര സ്വഭാവം കാക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഏത് മതസ്ഥർക്കും കുട്ടികളെ എഴുത്തിനിരുത്താൻ പാകത്തിൽ വിദ്യാരംഭം ഒരുക്കിയ മട്ടന്നൂർ ലൈബ്രറിക്കെതിരെ ഹൈക്കോടതിയിൽ എത്തിയ ഹർജി തളളി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നാടിൻ്റെ മതേതര പാരമ്പര്യത്തിന് എതിരാകുന്ന ഒന്നും പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, നിലവിൽ വിഷയത്തിൽ ഇടപെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ല എന്ന് വിലയിരുത്തി. ഏത് മതത്തിൽപെട്ടവർക്കും അവർക്ക് യോജിച്ച പ്രാർത്ഥനകളോ ശ്ലോകങ്ങളോ തിരഞ്ഞെടുത്ത് കുട്ടികളെ എഴുതിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിദ്യാരംഭത്തിനായി ലൈബ്രറി പുറത്തിറക്കിയ നോട്ടീസ് ഉത്തരവിനൊപ്പം ചേർത്തു.

ഹരിശ്രീ ഗണപതായേ നമഃ, അല്ലാഹു അക്ബർ, യേശുവേ സ്തുതി എന്നിങ്ങനെ ഓരോ മതത്തിൽ പെട്ടവർക്കും അവരവർക്ക് ആവശ്യമുള്ളത് തിരഞ്ഞെടുത്ത് കുട്ടികളെ എഴുതിക്കാമെന്ന് നോട്ടീസിൽ പറയുന്നു. കൂടാതെ ഇംഗ്ലീഷ് അക്ഷരമാല പ്രകാരവും എഴുതിക്കാം. എഴുതിക്കണമെന്ന കാര്യത്തിലോ എന്ത് എഴുതിക്കണം എന്നതിലോ ഒരു നിർബന്ധവും ആരുടെയും മേൽ ചെലുത്തുന്നില്ല എന്നും സംഘാടകർ ഹൈക്കോടതിയെ അറിയിച്ചു. നോട്ടീസിൽ രേഖപ്പെടുത്താത്ത ഏതെങ്കിലും പ്രാർത്ഥനയോ ശ്ലോകമോ എഴുതിക്കാനോ ചൊല്ലിക്കാനോ മാതാപിതാക്കൾ താൽപര്യം പ്രകടിപ്പിച്ചാൽ അതിനും സൗകര്യം ഉണ്ടാകും എന്നും സംഘാടകർ ബോധിപ്പിച്ചു. വിഷയത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെങ്കിൽ തന്നെയും സംഘാടകർ അറിയിച്ച കാര്യങ്ങൾ അവരുടെ ഉറപ്പെന്ന നിലയിൽ ഹൈക്കോടതി രേഖപെടുത്തി.
ഇത്തരത്തിലുള്ള വിദ്യാരംഭം സനാതന ധർമ്മത്തിന് എതിരാകുമെന്നും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എറണാകുളം പോണേക്കര ഹൈന്ദവീയത്തിൽ കെ ആർ മഹാദേവനാണ് ഹൈക്കോടതിയെ സമീപിച്ചത്. മട്ടന്നൂർ നഗരസഭ, ലൈബ്രറി കമ്മറ്റി, മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക യുപി സ്കൂൾ എന്നിവരെയാണ് ഹർജിയിൽ എതിര്‍ കക്ഷികളാക്കിയിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here