ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎം നെട്ടോട്ടത്തില്‍; മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 സീറ്റ് കിട്ടുമോ? സ്വതന്ത്രരും പാര്‍ട്ടി ചിഹ്നത്തില്‍ ജനവിധി തേടുന്നത് വോട്ട് ശതമാനം ഉറപ്പിക്കാന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ച് ജീവന്‍മരണ മത്സരമാണ്. ഏത് വിധേനയും ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം നിലനിര്‍ത്തണമെന്ന ലക്ഷ്യവുമായാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ദേശീയ പാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാനപ്പെട്ട ചില മാനദണ്ഡങ്ങളുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി കുറഞ്ഞത് 11 ലോക്‌സഭ സീറ്റ് നേടുന്ന പാര്‍ട്ടിക്കാണ് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നത്. അതല്ലെങ്കില്‍ ദേശീയ തലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ രണ്ട് ശതമാനം വോട്ട് നേടണം.

2019ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് സീറ്റും 1.75 ശതമാനം വോട്ടുമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി മത്സരിക്കുന്ന 15 സീറ്റുകളില്‍ നിന്ന് പരമാവധി പേരെ ജയിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നേതൃത്വം. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് രണ്ട് സീറ്റ് നേടാനാവുമെന്ന ഉറച്ച പ്രതീക്ഷയിലുമാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായ ബംഗാളില്‍ നിന്ന് ഇത്തവണ ഒരു സീറ്റെങ്കിലും നേടണമെന്ന വാശിയിലാണ് അവിടുത്തെ സംസ്ഥാന ഘടകം.

ദേശീയ പദവി ഉറപ്പിക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് പതിവിന് വിപരീതമായി കേരളത്തില്‍ ഇത്തവണ സ്വതന്ത്രര്‍ക്കും പാര്‍ട്ടി ചിഹ്നം അനുവദിച്ചത്. ഇടുക്കിയിലെ ജോയിസ് ജോര്‍ജ്ജും, പൊന്നാനിയിലെ കെ.എസ് ഹംസയും അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് ജനവിധി തേടുന്നത്. സ്വതന്ത്രരുടെ കാര്യത്തില്‍ പോലും പതിവില്ലാത്ത ജാഗ്രതയിലാണ് സിപിഎം നേതൃത്വം. 2014ലും 2019 ലും ജോയ്‌സ് ജോര്‍ജ് ഇടത് സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. വോട്ട് ശതമാനം വര്‍ദ്ധിച്ചില്ലെങ്കില്‍ ദേശീയ പാര്‍ട്ടി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന ഭയം സിപിഎമ്മിനെ വല്ലാതെ അലട്ടുന്നുണ്ട്. സിപിഐക്ക് 2019ല്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ പഴക്കം ചെന്ന പാര്‍ട്ടയെന്ന പദവിയുളള സിപിഐ ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടിയായിട്ടാണ് അറിയപ്പെടുന്നത്.

ദേശീയ പാര്‍ട്ടി പദവിയുള്ളവര്‍ക്ക് രാജ്യ തലസ്ഥാനത്ത് ഓഫീസുകള്‍ക്ക് സ്ഥലം അനുവദിക്കുന്നതിന് പുറമേ, ദൂരദര്‍ശന്‍, ആകാശവാണി എന്നീ ഔദ്യോഗിക മാധ്യമങ്ങളില്‍ പാര്‍ട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്ക് പ്രസംഗിക്കാനവസരവും ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top