ആന്റിബയോട്ടിക്കിന് ഇനി കുറിപ്പടി വേണം; കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കാന്‍ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷം പൂര്‍ണമായും നിര്‍ത്തലാക്കും. സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിലവിലെ രീതിയില്‍ തുടര്‍ന്നാല്‍, 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുക, തെറ്റായ ക്രമങ്ങളില്‍ കഴിക്കുക, ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് നേരത്തെ തന്നെ സര്‍ക്കാര്‍ അവബോധം നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളെയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ടായി പ്രഖ്യാപിക്കുന്നത്. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റിയിരുന്നു. പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തെ ഇത്തരത്തിലുള്ള രണ്ടാമത്തെത്തായി ഇന്ന് പ്രഖ്യാപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here