സുപ്രീം കോടതിയുടെ അഭ്യര്‍ത്ഥന തള്ളി; പ്രതിഷേധം തുടരുമെന്ന് ബംഗാൾ ഡോക്ടർമാർ

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചുള്ള ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം തുടരും. സുപ്രീം കോടതി അഭ്യര്‍ത്ഥന തള്ളിയാണ് സമരവുമായി മുന്നോട്ടുപോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. സമരം പിന്‍വലിച്ച് ജോലിയില്‍ കയറാനും ഇവര്‍ക്കെതിരെ നടപടി വരില്ലെന്നും കോടതി ഉറപ്പുനല്‍കിയിരുന്നു. ഇത് തള്ളിയാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുപോകുന്നത്.
എന്നാല്‍ സുപ്രീം കോടതി അഭ്യര്‍ത്ഥന ഉള്‍ക്കൊണ്ട് ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ സമരം പിൻവലിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍നിന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് അവസാനിപ്പിക്കുന്നതെന്നു റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) അറിയിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി ആശുപത്രി, ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരും സമരം അവസാനിപ്പിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്നതിനും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ തടയുന്നതിനും ശുപാർശ ചെയ്യുന്നതിനായി 10 അംഗ കര്‍മസമിതി സുപ്രീം കോടതി രൂപീകരിച്ചിട്ടുണ്ട്. നാവികസേനാ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ ആരതി സരിൻ അധ്യക്ഷയായ പത്തംഗ സമിതി മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും 2 മാസത്തിനകം വിശദ റിപ്പോർട്ടും നല്‍കും. സിബിഐയോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന അക്രമത്തെക്കുറിച്ച് ബംഗാള്‍ സര്‍ക്കാരിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് ഇന്നും ശമനമുണ്ടായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here