ഇവിടെയൊരു ഹൃദയ കാവല്‍ക്കാരന്‍ കാത്തിരിക്കുന്നു, 20 വര്‍ഷത്തിനിടയില്‍ 15000-ത്തില്‍പ്പരം ഓപ്പണ്‍ ഹാര്‍ട്ട്‌ സര്‍ജറി; ജനകീയനായ ഡോ.ടി.കെ ജയകുമാര്‍

കോട്ടയം: പാവപ്പെട്ട രോഗിയുടെ ഹൃദയത്തിന്‍റെ കാവൽക്കാരനെന്ന് വിശേഷിക്കപ്പെടുന്ന ഒരേയൊരു ഡോക്ടറെ ഇന്ന് മലയാളക്കരയിലുളളു. ഹൃദയ ദിനങ്ങളിൽ മാത്രം ഓർക്കുന്ന ഒരാളല്ല അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിനിടയിൽ രാജ്യത്തെ ഒരു സർക്കാർ മെഡിക്കൽ കോളജാശുപത്രിയിലും 15000 ത്തിൽപരം ഹൃദയ ശസ്ത്രക്രിയകൾ ചെയ്ത മറ്റൊരാളുമുണ്ടെന്ന് തോന്നുന്നില്ല. കോട്ടയം ഗവ. മെഡിക്കൽ കോളജിലെ ഡോ. ടി.കെ. ജയകുമാറിന് റെക്കോർഡ് സൃഷ്ടിക്കലില്ല താൽപര്യം, മറിച്ച് ഓരോ ഹൃദയവും വീണ്ടെടുക്കുന്നതിനാണ് അദ്ദേഹം ജീവിക്കുന്നത്.

ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വളരെ കുറഞ്ഞ ചിലവില്‍ അല്ലെങ്കില്‍ സൗജന്യമായി ഓപ്പണ്‍ ഹാര്‍ട്ട്‌ സര്‍ജറി എങ്ങനെ സാധ്യമാക്കാം എന്ന് തെളിയിച്ച ഹൃദയ ശസ്ത്രക്രിയ വിദഗ്ധനാണ് ഇദ്ദേഹം. സര്‍ക്കാര്‍ ആശുപത്രിയിലെ സാധാരണ ഡോക്ടര്‍മാരെപ്പോലെ ചട്ടപ്പടി ജോലി ചെയ്യുന്നയാളല്ല ജയകുമാര്‍. എന്നും രാവിലെ എട്ട് മണി മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് ഡോക്ടറുടെ സാധാരണ ജോലി സമയം. അത്യാവശഘട്ടങ്ങളില്‍ നേരം വെളുക്കുവോളം ചെലവഴിക്കാനും തയ്യാറാണ്.

രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ ഇതുവരെ ഒൻപതു പേരില്‍ മാത്രമാണ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുള്ളത്. ഇതിൽ എട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നടന്നത്. 15-30 ലക്ഷം രൂപ ചിലവ് വരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ ഏകദേശം 2-3 ലക്ഷം രൂപ ചെലവിലാണ് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. ഇതും ഒരു സര്‍വ്വകാല റെക്കോര്‍ഡാണ്. ഒരു ദിവസം ഏകദേശം 10ഓളം ഓപ്പണ്‍ ഹാര്‍ട്ട്‌ സര്‍ജറികള്‍ നടത്തിയ സംസ്ഥാന തല റെക്കോര്‍ഡും ഇവിടെ തന്നെ.

ഒരു സാധാരണ ഡോക്ടറായി ജീവിച്ചു തീരാമായിരുന്ന ഒരാളെ ഇത്ര ജനകീയനാക്കി മാറ്റിയത് സ്വന്തം ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തമാണ്. 22 വര്ഷം മുന്‍പ് തന്‍റെ ആദ്യ കുഞ്ഞ് മതിയായ ചികിത്സ കിട്ടാതെ നഷ്ടപ്പെട്ട ദുരവസ്ഥ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ട്‌. ഒരു സാധാരണക്കാരന്‍റെ ദയനീയമായ അവസ്ഥ. “അന്ന് ഞാനൊരു തീരുമാനമെടുത്തു, ഇനിയുള്ള ജീവിതം സാധാരണക്കാര്‍ക്കും സാധുക്കളായ രോഗികള്‍ക്കുവേണ്ടി മാത്രമാണ്. എന്റെ അടുത്ത് വരുന്നൊരാളും പണം ഇല്ലാത്തതിനാല്‍ കണ്ണീരോടെ മടങ്ങരുത്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമാണ് തന്നെ ഇവടെ വരെ കൊണ്ടെതിച്ചതെന്ന്” ഡോ. ജയകുമാര്‍ ‘മാധ്യമ സിന്‍ഡിക്കറ്റി’നോട് പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജിലെ തൊറാസിക് സര്‍ജറി വിഭാഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. പാവപ്പെട്ടവന് സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട പരിചരണം ലഭിക്കാൻ ഉന്നതരുടെ ശുപാർശ ആവശ്യമാണെന്ന ധാരണയെ തിരുത്താനാണ് എന്നും അദ്ദേഹം ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. കാരുണ്യാരോഗ്യ പദ്ധതിയും മറ്റു സൗജന്യ ചികിത്സാ പദ്ധതികളൊക്കെ നിലവില്‍ വന്നതോടെ ധാരാളം പാവപ്പെട്ടവര്‍ക്കും സാധുക്കള്‍ക്കും ഹൃദയശസ്ത്രക്രിയ ലഭ്യമായി. ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരാത്തവരെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിക്കൊടുക്കാനും അദ്ദേഹം ശ്രമിക്കുന്നത് പതിവാണ്. കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് ഹൃദയ ചികിത്സ ലഭിക്കുന്നതിനു വേണ്ടി കോട്ടയം മെഡിക്കല്‍ കോളജിന്റെ കാര്‍ഡിയാക്ക് വിഭാഗത്തിനു 200 കിടക്കകളുള്ള പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഡോ. ജയകുമാറിന്റെ ശ്രമഫലമായാണ് ഈ വികസനവും സാധ്യമായത്.

നവജാതശിശുക്കളുടെ ഹൃദയ ശസ്ത്രക്രിയാ പ്രശ്നങ്ങൾ പരിഹരിക്കുന്ന കേരള സർക്കാരിന്റെ കീഴിലുള്ള ഏക കേന്ദ്രമായി കോട്ടയം മെഡിക്കല്‍ കോളജ് മാറി. ഈ സംവിധാനം സംസ്ഥാനമൊട്ടാകെ വികസിപ്പിക്കാന്‍ ആരോഗ്യവകുപ്പ് രൂപികരിച്ച നാലംഗ വിദഗ്ധ സമിതിയിലെ പ്രധാനിയാണ് അദ്ദേഹം. ഓരോ തവണയും ഹൃദയം നട്ടുപിടിപ്പിക്കുമ്പോഴും, തുന്നിചേര്‍ക്കുമ്പോഴും, ഒരു കാര്യം മാത്രമേ ഡോക്ടര്‍ക്ക് പറയാനുള്ളൂ; “ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്”. നിലവില്‍ ശ്വാസകോശം മാറ്റിവെയ്ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും നിയമനടപടികളും ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്. അനുയോജ്യമായ ശ്വാസകോശം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് ഡോക്ടറും മെഡിക്കല്‍ കോളേജിലെ രോഗികളും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top