ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിക്ക് കുരുക്ക് മുറുകി; സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൊലപാതകക്കുറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ പലതവണ ശ്രമിച്ച പ്രതിക്ക് റിപ്പോര്‍ട്ട് കനത്ത തിരിച്ചടിയായി. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണ് റിപ്പോര്‍ട്ട്.
ആദ്യ പരിശോധന കഴിഞ്ഞ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. പ്രത്യേക വൈദ്യസംഘത്തിന്‍റെ നേതൃത്വത്തില്‍ പത്ത് ദിവസമായിരുന്നു പരിശോധന. സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിക്ക് കേസില്‍ നിന്ന് രക്ഷപെടാന്‍ പ്രയാസമാണെന്ന് പോലീസ് പറയുന്നു.
കേസില്‍ സന്ദീപ് നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട നടപടി പിന്‍വലിപ്പിക്കാന്‍ അപ്പീല്‍ നല്‍കി സന്ദീപ് ശ്രമിക്കുന്നുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതീവസുരക്ഷാ വിഭാഗത്തിലാണ് സന്ദീപ്. ഓയൂര്‍ കേസിലെ മുഖ്യപ്രതി പത്മകുമാര്‍ ആണ് സഹതടവുകാരന്‍.
അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല. വിധിക്കെതിരെ അപ്പീൽ നല്‍കാനാണ് തീരുമാനം. പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചെന്നും ആദ്യ നാലുമണിക്കൂറില്‍ ചികിത്സ ലഭിച്ചില്ലെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here