യുവഡോക്ടര്‍മാരുടെ മരണത്തില്‍ കലാശിച്ച അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പല്ലെന്ന നിഗമനത്തില്‍ പോലീസ്; എല്ലാം കഴിഞ്ഞ് ബാരിക്കേഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പും

പറവൂര്‍: എറണാകുളം ഗോതുരുത്തില്‍ രണ്ട് യുവ ഡോക്ടര്‍മാരുടെ മരണത്തില്‍ കലാശിച്ച കാര്‍ അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പ് തന്നെയോ? കൊച്ചിയില്‍ നിന്നും കൊടുങ്ങല്ലൂരിന് പോവുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചത്. പുഴയില്‍ നിന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അടക്കമുള്ള മൂന്ന് പേരെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത് എന്നാണ് പുറത്ത് വന്ന വിവരം. എന്നാല്‍ ഗൂഗിള്‍ മാപ്പിന്റെയല്ല ഡോക്ടര്‍മാരുടേതാണ് പ്രശ്നം എന്ന് പോലീസ് സ്ഥിരീകരിക്കുകയാണ്.
പുഴ എത്തുന്നതിനുമുമ്പ് ഹോളിക്രോസ് എൽ.പി സ്‌കൂളിന് സമീപത്തുനിന്ന് ഇടത്തേക്കുള്ളവഴി ഗൂഗിൾ മാപ്പിൽ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ടുപോയാൽ റോഡ് അവസാനിക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. കടൽവാതുരുത്ത് കവലയിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് 400 മീറ്ററോളം സഞ്ചരിച്ചാലേ പുഴയുടെ സമീപമെത്തുകയുള്ളു. കടൽവാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ളവഴി കാണാതെ പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍ അപകടം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെയുണ്ടായിരുന്നില്ല. അപകടം നടന്നതിനുശേഷം ഗോതുരുത്ത് ദി സ്‌പോർട്സ് ആൻഡ് ആർട്സ് ക്ലബ് അധികൃതര്‍ ഇവിടെ കമ്പിവേലി കെട്ടി. അതിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ താത്കാലിക ബാരിക്കേഡ് സ്ഥാപിച്ചത്. സുരക്ഷാവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചതാണ് അപകടത്തിന് വഴിവെച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here