സ്വയരക്ഷക്ക് ആയുധം കൊണ്ടുനടക്കാൻ തുടങ്ങി ഡോക്ടർമാർ; രാത്രി ഡ്യൂട്ടി പലരും ഭയക്കുന്നുവെന്ന് ഐഎംഎ സർവ്വേ

ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നതിനിടെ, രാജ്യത്ത് വനിതാ ഡോക്ടർമാരിൽ മൂന്നിലൊരാൾ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണെന്ന് സർവ്വേ. രാത്രി ജോലി ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയിട്ടുണ്ടെന്ന് 24.1% പേരും ഒട്ടും സുരക്ഷിതമല്ലെന്ന് 11.4% പേരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം നടത്തിയ ഓൺലൈൻ സർവേയിൽ പ്രതികരിച്ചു. വനിതാ ഡോക്ടർമാരാണ് രാത്രി ജോലി സുരക്ഷിതമല്ലെന്ന് പ്രതികരിച്ചവരിൽ കൂടുതലും. 18% പേർ മാത്രമാണ് രാത്രി ജോലി സുരക്ഷിതമാണെന്ന് കരുതുന്നതായി പ്രതികരിച്ചത്.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന 45 ശതമാനം പേർക്ക് ഡ്യൂട്ടി റൂം ലഭ്യമല്ല. ഡ്യൂട്ടി റൂം ഉള്ള ആശുപത്രികളിൽ വാർഡ്, കാഷ്വൽറ്റി എന്നിവിടങ്ങളിൽ നിന്ന് ഏറെ അകലെയാണെന്ന് സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി. ഡ്യൂട്ടി റൂമുകളിൽ ഏതാണ്ട് മൂന്നിലൊന്ന് അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ലാത്തവയാണ്. അതിനാൽതന്നെ ശുചിമുറിയിൽ പോകാനായി രാത്രി സമയങ്ങളിൽ ഡോക്ടർമാർക്ക് പുറത്തിറങ്ങേണ്ടി വരുന്നതായും സർവേയിൽ പറയുന്നു.

വേണ്ടത്ര പരിശീലനമില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം, ഇടനാഴികളിലെ വെളിച്ചക്കുറവ്, സിസിടിവി ക്യാമറകളുടെ അഭാവം, രോഗികളുടെ പരിചരണ മേഖലകളിലേക്ക് വ്യക്തികളുടെ അനിയന്ത്രിതമായ പ്രവേശനം തുടങ്ങിയ പ്രശ്നങ്ങളും ഡോക്ടർമാർ സർവേയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വയ രക്ഷയ്ക്കായി ചില ഡോക്ടർമാർ ആയുധങ്ങളും കയ്യിൽ കരുതാറുണ്ടെന്ന് സർവേയിൽ അഭിപ്രായപ്പെട്ടു. ഇരുട്ട് നിറഞ്ഞതും വിജനവുമായ ഇടനാഴിയുടെ അങ്ങേയറ്റത്താണ് ഡ്യൂട്ടി റൂം എന്നതിനാൽ എപ്പോഴും ചെറിയൊരു കത്തിയും കുരുമുളക് സ്‌പ്രേയും ഹാൻഡ്‌ബാഗിൽ കരുതാറുണ്ടെന്ന് ഒരു ഡോക്ടർ സമ്മതിച്ചു. ചില ചെറിയ ആശുപത്രികളിൽ സുരക്ഷാ ജീവനക്കാർപോലും ഇല്ലെന്ന് ഡോക്ടർമാർ സർവേയിൽ വ്യക്തമാക്കി.

ഐഎംഎ റിസർച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവന്റെ നേതൃത്വത്തിൽ ഡോ. ദീപ അഗസ്റ്റിൻ, ഡോ. ടി.എസ്. അനിതാദേവി, ഡോ. രശ്മി രാമചന്ദ്രൻ, ഡോ. ജോസഫ് ബെനവൻ എന്നിവരടങ്ങിയ സംഘമാണു പഠനം നടത്തിയത്. 22-ലധികം സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സർവേയിൽ പങ്കെടുത്തത്. അവരിൽ 85 ശതമാനം 35 വയസ്സിന് താഴെയുള്ളവരും 61 ശതമാനം ഇന്റേണുകളോ ബിരുദാനന്തര ബിരുദധാരികളോ ആയിരുന്നു. 3,885 ഡോക്ടർമാരുടെ പ്രതികരണങ്ങളാണ് ഐഎംഎ സർവ്വേയിൽ ഉൾപ്പെടുത്തിയത്. ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സർവ്വേയാണെന്ന് ഐഎംഎ അവകാശപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top