‘സേവനം ഔട്ട് ‘, ‘കമ്മീഷൻ ഇൻ’ – ഡോക്ടറന്മാരുടെ ചേരിപ്പോര്, യന്ത്രങ്ങൾ കേടാക്കുന്നു

തിരുവനന്തപുരം: കമ്മീഷൻ കിട്ടാൻ എന്തും ചെയുന്ന ഡോക്ടറന്മാരുണ്ടെന്ന് അറിയുമ്പോൾ ഞെട്ടരുത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഒരു ഡോക്ടർ കമ്മീഷൻ കിട്ടാൻ ശസ്ത്രക്രിയാ മെഷീൻ സ്ഥിരമായി കേടാക്കുന്നതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടത്തി.

യൂറോളജി വിഭാഗം മേധാവി ഡോ. എ സതീഷ് കുറുപ്പ് നൽകിയ റിപ്പോർട്ടിലാണ് പ്രോസ്‌റ്റേറ്റ് കീഹോൾ ശസ്ത്രക്രിയക്കുള്ള യന്ത്രം മനഃപൂർവം കേടാക്കിയതായുള്ള ഞെട്ടിപ്പിക്കുന്ന ഈ വിവരം. മൂത്രനാളിയിൽ ഉണ്ടാകുന്ന തടസങ്ങളും കാൻസറിനു കാരണമാകുന്ന വീക്കങ്ങളും പരിഹരിക്കുന്നതിനായി നടത്തുന്ന ശസ്ത്രക്രിയക്കുള്ള യന്ത്രമാണ് കേടാക്കിയത്. 20 ലക്ഷം രൂപ വില വരുന്ന യന്ത്രം ഈ വർഷം ഇത് രണ്ടാം തവണയാണ് കേടായത്. ജനുവരിയിൽ യന്ത്രം കേടായതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.

യന്ത്രം നിർമിച്ച കമ്പനിയുടെ പരിശോധനയിൽ മനഃപൂർവം കേടാക്കിയതാണെന്ന് കണ്ടത്തിയെങ്കിലും നടപടി ഉണ്ടായില്ല. പകരം പുതിയത് വാങ്ങുകയാണ് ചെയ്തത്. ഇതാണ് ഇപ്പോൾ ആറു മാസത്തിനുള്ളിൽ വീണ്ടും തകരാറിലായത്. ക്യാമറയും മോണിറ്ററും ഉൾപ്പെടെ തകർന്നതിനാൽ അറ്റകുറ്റ പണിക്ക് തന്നെ അഞ്ചു ലക്ഷത്തോളം രൂപ ചെലവ് വരും. യന്ത്രത്തകരാർ കാരണം ധാരാളം ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വന്നു. രണ്ടാഴ്ച്ചയ്ക്കിടെ 130ഓളം ശസ്ത്രക്രിയകളാണ് മുടങ്ങിയത്.

പർച്ചേസ് കമ്മീഷന് വേണ്ടി യൂറോളജിയിലെ ഡോക്ടർ മനഃപൂർവം ചെയ്യുന്നതാണിതെന്ന ആരോപണത്തെ തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഡോക്ടറന്മാരുടെ ചേരിപ്പോരാണ് യന്ത്രങ്ങൾ കേടാക്കലിന് പിന്നിലെന്നറിയുന്നു. ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് സൂപ്രണ്ട് ഡോ. എ നിസാറുദീൻ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top