പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യുമെന്ററി പിന്‍വലിച്ചെന്ന് സംവിധായകന്‍; കമ്യൂണിസ്റ്റ് അപചയത്തിൻ്റെ കാരണഭൂതനെന്ന് കെആർ സുഭാഷ്

മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ് ആണെന്ന് വ്യക്തമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് താന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി യൂട്യൂബില്‍ നിന്നും പിന്‍വലിച്ചെന്ന് സംവിധായകന്‍ കെ.ആര്‍.സുഭാഷ്. “പിണറായി വിജയനെക്കുറിച്ച് കേരളത്തില്‍ ഇന്നുള്ളത് വെറുപ്പിന്റെ ചിത്രമാണ്. ഇത്തരമൊരാളെ കുറിച്ച് ഞാന്‍ എടുത്ത ‘യുവതയോട് – അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിക്ക് ഇനി പ്രസക്തിയില്ല. യുവാക്കൾ അദ്ദേഹത്തെ പോലെയാകരുത് എന്നാണിനി പറയേണ്ടത്. അത് എന്റെ പ്രൊഫൈലില്‍ ആവശ്യവുമില്ല. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്” -സുഭാഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനെ ജനമനസില്‍ പ്രതിഷ്ഠിക്കാൻ വേണ്ടിയെടുത്ത 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് പിന്‍വലിച്ചത്. ഒരു കോടിയ്ക്കടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞതാണ് ഇത്. പിണറായി വിജയന്‍ എന്ന ബ്രാന്‍ഡ് നിര്‍മാണത്തിനായി അദ്ദേഹത്തിന്റെ കൂടി താത്പര്യപ്രകാരം നിര്‍മിക്കപ്പെട്ട ഡോക്യുമെന്ററിയാണ് പിന്‍വലിക്കപ്പെടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. മുൻ മാധ്യമ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ്‌ സുഭാഷ്.

“പിണറായി എന്ന് പറഞ്ഞാല്‍ സിപിഎമ്മിലെ ഏകധ്രുവ സംവിധാനമാണ് ഇന്ന്. ഇത്രയും അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രി ഭരണത്തില്‍ തുടരുന്നതിന്റെ സാംഗത്യം പരിശോധിക്കപ്പെടേണ്ടതാണ്. പിണറായിയും മോദിയും തമ്മില്‍ എന്താണ് വ്യത്യാസം. ഈ ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഭയന്നാണ് കഴിയുന്നത്. സിപിഎമ്മിന്റെ കൗണ്ട് ഡൗൺ ആണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സിപിഎമ്മിനുള്ളിലെ ദുര്യോധനന്മാര്‍ പാര്‍ട്ടിയെ തകര്‍ത്ത് കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് അപചയത്തിന്റെ കേരളത്തിലെ കാരണഭൂതന്‍ പിണറായി വിജയനാണ്. എന്റെ പ്രതിഷേധം എന്ന നിലയിലാണ് ഡോക്യുമെന്ററി പിന്‍വലിക്കുന്നത്. ഈ തീരുമാനത്തിന്റെ പേരില്‍ എന്ത് തിരിച്ചടി വന്നാലും നേരിടാന്‍ തയ്യാറാണ്.” സുഭാഷ് പറയുന്നു.

“എകെജി പഠനഗവേഷണ കേന്ദ്രമാണ് ഡോക്യുമെന്ററിക്കായി പണം മുടക്കിയത്. ഒരുരൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല. എല്ലാം പിണറായി അറിഞ്ഞുകൊണ്ടാണ്. അദ്ദേഹവുമായി പാലക്കാട് വച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നോട് സംസാരിക്കണം എന്ന് പിണറായി ആവശ്യപ്പെട്ടതാണ്. 12 പേരാണ് ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നത്. ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിച്ചതും പിണറായി തന്നെയാണ്. അവർ പറയുന്നവയിൽ ഏതെല്ലാം കാര്യങ്ങൾ ഡോക്യുമെൻ്ററിയിൽ ചേർക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വതസിദ്ധമായ രീതിയില്‍ ആ കാര്യത്തിലും അദ്ദേഹം എന്നെ നിയന്ത്രിച്ചു. ആളുകളെ അറിയിക്കാൻ പിണറായി വിജയന് താൽപര്യമുളള അദ്ദേഹത്തിൻ്റെ ജീവിതമാണ് അതിലുള്ളത്; അത് മാത്രമേയുള്ളൂ”- സുഭാഷ് പറയുന്നു.

ഡോക്യുമെന്ററി നിരവധി ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2016 തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് കേരളത്തിലാകമാനം സിപിഎം പ്രചരിപ്പിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഇന്നത്തെ മന്ത്രി പി.രാജീവാണ് ഡോക്യുമെന്ററി നിര്‍മാണത്തിനും പ്രകാശന ചടങ്ങുകള്‍ക്കും അന്ന് ചുക്കാന്‍ പിടിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top