വിമാനയാത്രക്കിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശിക്ക് മൂന്ന് വര്‍ഷം തടവ്

ദോഹ-ബെംഗളൂരു വിമാനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ തമിഴ്‌നാട് സ്വദേശിയായ 51കാരന് മൂന്ന് വര്‍ഷം തടവ്. ബെംഗളൂരു അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് എ.മുരുകേശന് ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പിഴ അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പെൺകുട്ടി വിദേശത്തായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് മൊഴി നൽകിയത്. കേസില്‍ കഴിഞ്ഞ വർഷം ജൂലായ് 27 ന് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 27നാണ് സംഭവം. മദ്യലഹരിയിലായിരുന്ന മുരുകേശൻ വിമാനയാത്രയ്ക്കിടെ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ അറിയിച്ചതിനെ തുടര്‍ന്ന് വിമാനജീവനക്കാര്‍ സീറ്റ് മാറി നല്‍കി. വിമാനം ബെംഗളൂരുവില്‍ എത്തിയപ്പോള്‍ കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് പോലീസിൽ കുടുംബം പരാതി നല്‍കുകയായിരുന്നു.
അപ്പീല്‍ നല്‍കാനായി പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here