ബോംബ് പൊട്ടിച്ചതിന് ന്യായം പറഞ്ഞ് മുൻ യഹോവ സാക്ഷിക്കാരൻ; കീഴടങ്ങിയ മാർട്ടിൻ്റെ FB ലൈവ്
കൊച്ചി : കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ സ്‌ഫോടനം നടത്തിയത് സംഘടനയുടെ തെറ്റായ പ്രവര്‍ത്തനം തിരുത്താതിനാലെന്ന് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍. പോലീസില്‍ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് മാര്‍ട്ടിന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ബോംബ് സ്‌ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി മാര്‍ട്ടിന്‍ പറയുന്നു. ഇതിന്റെ തെളിവുകളെല്ലാം കയ്യിലുണ്ട്. എന്തിനാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് ബോധ്യപ്പെടുത്താനാണ് വീഡിയോയെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. 16 വര്‍ഷത്തോളം ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് ചിന്തിച്ചപ്പോഴാണ് ഇതൊരു തെറ്റായ പ്രസ്ഥാനമാണെന്നും ഇതില്‍ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. അത് തിരുത്തണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഇതിന് തയാറായില്ല.
ഒരു രാജ്യത്ത് ജീവിച്ച് അവിടെ ജനങ്ങളെ അധിക്ഷേപിക്കുകയാണ്. നാല് വയസായ കുട്ടിയോട് പോലും നഴ്‌സറിയില്‍ പറഞ്ഞു വിടുന്നത് ദേശീയഗാനം പാടരുത് എന്നാണ്. വോട്ട് ചെയ്യരുത്,സൈന്യത്തില്‍ ചേരരുത്,അധ്യാപകരാകരുത് എന്നെല്ലാം പഠിപ്പിക്കുകയാണ്. ഇത്തരം തെറ്റായ ആശയം പഠിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചേ മതിയാകൂ. രാജ്യത്തിന് ആപത്തായ ആശയം പരത്തുന്നവര്‍ക്കെതിരായ പ്രതികരണമാണ് സ്‌ഫോടനെന്നും മാര്‍ട്ടിന്‍ പറയുന്നു.
ഇനിയെങ്കിലും എല്ലാവരം കണ്ണ് തുറക്കണമെന്നും മാര്‍ട്ടിന്‍ ആവശ്യപ്പെടുന്നു. പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുന്ന കാര്യവും അഞ്ച് മിനിറ്റ് ദീര്‍ഘമുള്ള വീഡിയോയില്‍ പറയുന്നുണ്ട്. എങ്ങനെ സ്‌ഫോടനം നടത്തിയ കാര്യം പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടാണ് ഡൊമിനിക് മാര്‍ട്ടിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഫെയ്‌സ്ബുക്ക് പേജ് നിവിലില്ല.