ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷി അംഗമല്ലെന്ന് പിആർഒ; കളമശേരി സ്ഫോടനത്തിൽ കീഴടങ്ങിയ വ്യക്തി മാനസിക രോഗിയാണെന്ന സംശയത്തിൽ പോലീസ്

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് തൃശൂർ കൊടകര പോലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷികളിൽ അംഗമല്ലെന്ന് യഹോവ സാക്ഷി കൂട്ടായ്മയുടെ പിആർഒ ശ്രീകുമാർ. പ്രാദേശികസഭകളിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും ശ്രീകുമാർ പറഞ്ഞു.

“ഡൊമിനിക് എന്നയാളാണ് കീഴടങ്ങിയതെന്നും അയാൾ തമ്മനം സ്വദേശിയാണെന്നും പറയുന്നു. തമ്മനത്തെ രാജ്യഹാളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോട് സംസാരിച്ചപ്പോൾ അങ്ങനെയൊരു വ്യക്തി അംഗമല്ലെന്നാണ് വിവരം കിട്ടിയത്. തമ്മനം, പാലാരിവട്ടം, വൈറ്റില ഭാഗത്ത് യഹോവ സാക്ഷികളിൽ ഇങ്ങനെയൊരാൾ അംഗമല്ല. ഒരുപക്ഷേ, അയാൾ വർഷങ്ങൾക്ക് മുൻപ് ബൈബിൾ പഠിച്ചിരുന്ന വ്യക്തിയായിരിക്കാം. നാലുവർഷം മുൻപ് ഇങ്ങനെ പേരുള്ളയാൾ ബൈബിൾ പഠിക്കാൻ വന്നിരുന്നതായി പ്രാദേശികസഭയിൽനിന്ന് വിവരമുണ്ട്. ചില യോഗങ്ങൾക്ക് അയാൾ വന്നിരുന്നു. പിന്നീട് അയാൾ പഠനം നിർത്തി. എന്നാൽ ഇയാൾ തന്നെയാണോ കീഴടങ്ങിയ വ്യക്തിയെന്ന് ഉറപ്പില്ല”-പിആർഒ ശ്രീകുമാർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ കളമശ്ശേരിയിൽ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് കൊടകര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിന് മുൻപായി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാൾ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

“ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങൾ അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ നടത്തിയ കൺവെൻഷനിൽ ബോംബ് സ്ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. എന്ത് സംഭവിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാൽ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്‍റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്ഫോടനം നടത്തിയത്” -ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. 

“എന്തിനാണ് ഞാൻ ഈ കൃത്യം ചെയ്തതെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ. 16 വർഷത്തോളം ഞാൻ ഈ പ്രസ്ഥാനത്തിന്‍റെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ്. എന്നാൽ, ആറ് വർഷം മുമ്പ് ഞാൻ ചിന്തിച്ചപ്പോൾ ഇതൊരു തെറ്റായ പ്രസ്ഥാനമാണെന്നും ഇതിൽ പഠിപ്പിക്കുന്നത് വളരെ രാജ്യദ്രോഹപരമാണെന്നും മനസ്സിലാക്കാൻ കഴിയുകയും ഞാനത് തിരുത്തണമെന്ന് പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവരാരും അതിന് തയാറായില്ല” – ഡൊമനിക് വീഡിയോയിൽ പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ താന്‍ വിശ്വാസിയാണെന്നും കൊച്ചി സ്വദേശിയാണെന്നും ഡൊമിനിക് മാർട്ടിൻ പറഞ്ഞതായി പോലീസ് കേന്ദ്രങ്ങൾ പറയുന്നു. കീഴടങ്ങിയ ആൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്തും കൂടുതൽ വിശദമായി ചോദ്യം ചെയ്യുന്നതിനും വേണ്ടി ഇയാളെ മറ്റൊരിടത്തേക്ക് മാറ്റിയതായാണ് സൂചന. അതേ സമയം ഡൊമനിക് മാർട്ടിനാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണോ കൂടുതൽ പേർക്ക് സംഭവുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. ഡൊമനിക് കുറ്റസമ്മതം നടത്തിയതായി മന്ത്രി പി രാജീവ് മാധ്യമങ്ങളെ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top