മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, വധശ്രമം, യുഎപിഎ, സ്ഫോടക വസ്തു നിയമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മാര്‍ട്ടിന്റെ അറസ്റ്റ് . പോലീസിന്റെ ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് ഉണ്ടായത്.

നിലവിൽ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള ക്യാമ്പിലാണ് ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. നാളെ രാവിലെയോടെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക എന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും കൂടുതൽ തെളിവെടുപ്പ് നടത്തുക. മൊബൈൽ ഫോണിലെ വിവരങ്ങൾ, ഇയാൾ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയതിന്റെ തെളിവുകൾ എന്നിവ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം സംബന്ധിച്ച് എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. 

സംസ്ഥാന പോലീസ്, എൻഐഎ, എൻഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പോലീസ് കൂടുതലായി അന്വേഷിക്കുന്നത്. നിലവില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റക്കാണ് സ്ഫോടനം നടത്തിയെന്ന സ്ഥിരീകരണത്തിലാണ് പോലീസ്.

സ്ഫോടനം നടത്തുന്നതിന് മുമ്പ് ഡൊമിനിക് മാർട്ടിൻ ഇന്നലെ രാവിലെ ബോംബുമായി പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡൊമിനിക് മാർട്ടിന്‍റെ വീടിനു സമീപത്തെ ഹോസ്റ്റലിലെ സിസിടിവിയിലാണ് പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സ്കൂട്ടറിനു മുന്നിൽ ബിഗ് ഷോപ്പറുമായി പോകുന്ന ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top