പുതിയ കളിക്ക് ട്രംപ്; ക്രൂഡ് ഓയിൽ വില കുറയുന്നു; കുതിക്കാന്‍ ഇന്ത്യ

അമേരിക്കയുടെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ബ്രെൻ്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുകയാണ്. ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് ബാരലിന് 80.79 ഡോളറായിരുന്നു. എന്നാല്‍ ട്രംപ് സ്ഥാനമേറ്റ ശേഷം ബാരലിന് 78.26 ഡോളറായി കുറഞ്ഞു. ഏകദേശം 3 ശതമാനമാണ് കുറഞ്ഞത്. ഡിമാൻഡ് ദുർബലമായതിനാല്‍ വില ഇനിയും കുറയും എന്നാണ് പ്രതീക്ഷ.
യുഎസ് ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളാണ് ക്രൂഡ് ഓയില്‍ വില കുതിച്ചുകയറാന്‍ കാരണമായത്. പക്ഷെ ട്രംപ് നയംമാറ്റത്തിന്റെ പാതയിലാണ്. അമേരിക്കയിൽ എണ്ണ ഉൽപ്പാദനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ട്രംപ് ചെയ്തത്. ഇതാണ് ബ്രെൻ്റ് ക്രൂഡ് ഓയിൽ വില കുറയാന്‍ കാരണം.
ട്രംപിന്‍റെ വരവോടെ ഈ വർഷം റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. ക്രൂഡ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലാണ് യുഎസ് ഭരണകൂടത്തിൻ്റെ ശ്രദ്ധ. ഇത് രണ്ടും വില കുറയാന്‍ കാരണമാകുന്നുണ്ട്. സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൂഡ് ഓയിൽ വിലയിടിവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മികുറയ്ക്കാൻ സഹായിക്കും. മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) വേഗത്തിലാക്കാൻ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അസംസ്കൃത എണ്ണ പല വ്യവസായങ്ങൾക്കും ആവശ്യമായതിനാല്‍ ചെലവ് ലഘൂകരിക്കുകയും അതുവഴി പണപ്പെരുപ്പം കുറയ്ക്കാന്‍ ഇടവരുകയും ചെയ്യും. ഇത് ഇന്ത്യയ്ക്ക് കുതിക്കാനുള്ള അവസരം ഒരുക്കുന്നു.
റഷ്യയുടെ എണ്ണ വ്യാപാരത്തിനെതിരെയുള്ള യുഎസ് ഉപരോധം ഇന്ത്യയ്ക്ക് വൈതരണി സൃഷ്ടിക്കുന്നുണ്ട്. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് കഴിഞ്ഞില്ലെങ്കില്‍ പശ്ചിമേഷ്യയെ ആശ്രയിക്കേണ്ട അവസ്ഥ വരും. പക്ഷെ ട്രംപ് യുഎസില്‍ അധികാരത്തില്‍ വന്നതിനാല്‍ നിലവിലെ ഉപരോധം തുടരുമോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here