ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; അക്രമി പിടിയില്‍
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിന് നേരെ വെടിവയ്പ്. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. ട്രംപ് സുരക്ഷിതനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നാണ് എഫ്ബിഐ വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതിന് ശേഷം ട്രംപിനു നേരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന സമയത്താണ് വധശ്രമം നടന്നത്. തോക്കുമായി എത്തിയ പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിവച്ചതായാണ് റിപ്പോർട്ടുകൾ.
പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58)പിടിയിലായി. പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തെങ്കിലും എസ്യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക്, രണ്ട് ബാക്ക്പാക്കുകൾ തുടങ്ങിയവ ഗോൾഫ് കോഴ്സിനു സമീപത്തു നിന്നു കണ്ടെടുത്തു.
ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായി. പ്രസംഗിക്കുന്നതിനിടെ നടന്ന വെടിവയ്പ്പില്‍ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. അക്രമി തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കുള്ളിൽ വധിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here