‘മീടൂ’വിൽ കേന്ദ്രമന്ത്രിയെ രാജിവയ്പ്പിച്ച സിപിഎമ്മിന് രഞ്ജിത്തിൻ്റെ രാജി വേണ്ട; ഇരട്ടനീതി ഇതാദ്യമല്ല !!

2018ൽ ലോകമെങ്ങും അലയൊലികൾ സൃഷ്ടിച്ച മീടൂ വെളിപ്പെടുത്തലുകളിൽ ഏറ്റവും ശ്രദ്ധേയമായവയിൽ ചിലത് ഇന്ത്യയിൽ നിന്നായിരുന്നു. അതിൽപെട്ട പല തലകൾ ഉരുണ്ടപ്പോൾ, എണ്ണപ്പെട്ട ഒന്നായിരുന്നു അതികായനായിരുന്ന എംജെ അക്ബറിൻ്റെ പതനം. ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്ന അക്ബർ ഒടുവിൽ നരേന്ദ്രമോദി മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പിൻ്റെ ചുമതലയിൽ എത്തിയപ്പോഴാണ് പത്തിലേറെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ഒന്നിനുപിറകെ ഒന്നായി ഉണ്ടായത്.

അക്ബർ ഏഷ്യൻ ഏജ് പത്രത്തിലെ എഡിറ്ററായിരുന്ന കാലത്തും അതിന് മുമ്പ് മറ്റ് പത്രങ്ങളിൽ ജോലിചെയ്ത കാലത്തും റൂമിലേക്ക് വിളിച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു സോഷ്യൽ മീഡിയായിലൂടെ പുറത്തുവന്ന പരാതികളുടെയെല്ലാം പൊതുസ്വഭാവം. ഗസാല വഹാബ്, പ്രിയ രമണി, സുപർണ ശർമ, മജ്‌ലി കാംപ്, കനിക ഗ‌ഹ്‌ലൗത്, ഷുതപ പോൾ തുടങ്ങിയവരടക്കം 12 വനിതാ ജേർണലിസ്റ്റുകൾ ആണ് പരാതികൾ ഉന്നയിച്ചത്.

ഈ ഘട്ടത്തിലാണ് സിപിഎം കേന്ദ്ര കമ്മറ്റി രാജി ആവശ്യപ്പെട്ടത്. മന്ത്രിയുടെ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്നും രാജി അനിവാര്യമാണെന്നും 2018 ഒക്ടോബർ 11ന് പുറത്തിറക്കിയ പ്രസ്താവനയിൽ സിപിഎം ആവശ്യപ്പെട്ടു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും മന്ത്രി അക്ബർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കൃത്യം ഒരാഴ്ചക്കുള്ളിൽ ഒക്ടോബർ 17ന് അക്ബറിന് രാജിവച്ചൊഴിയേണ്ടി വന്നു എന്നതാണ് ശ്രദ്ധേയം.

ഇതിന് നേരെ വിരുദ്ധമാണ് ഇപ്പോൾ കേരളത്തിൽ ഇടത് സർക്കാരിൻ്റെ നയം. സിപിഎം സഹയാത്രികനായി അറിയപ്പെടുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെടുന്നവരാണ് തെറ്റുകാർ എന്ന മട്ടിലായിരുന്നു സാംസ്കാരിക മന്ത്രിയുടെ പ്രതികരണം. കളങ്കിതനെ, ‘രാജ്യംകണ്ട വലിയ പ്രതിഭാധനൻ’ എന്ന് വിശേഷിപ്പിച്ച സജി ചെറിയാൻ, പ്രതിഭയുണ്ടെങ്കിൽ സ്ത്രീകളോട് എന്തുമാകാം എന്ന സന്ദേശാണോ പുറത്തുവിടുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ബംഗാളി നടി കേരളത്തിലെത്തി പരാതി നൽകിയാൽ അന്വേഷിച്ച് നടപടി എടുക്കാമെന്നാണ് സർക്കാർ നിലപാട്.

തൊട്ടുമുൻപ് അക്കാദമി അധ്യക്ഷനായിരുന്ന കമലിനെതിരെ സമാന ആരോപണം ഉയർന്നപ്പോഴും ഇത് തന്നെയായിരുന്നു സർക്കാർ ലൈൻ. കമൽ സംവിധാനം ചെയ്ത ‘പ്രണയ മീനുകളുടെ കടൽ’ എന്ന സിനിമയിൽ നായികാവേഷം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു 2020 ഏപ്രിലിൽ ഉയർന്ന പരാതി. ഒത്തുതീർപ്പിനായി കമൽ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് പോലും പരാതിക്കാരി പുറത്തുവിട്ടു. എന്നിട്ടും യാതൊരു ധാർമികപ്രശ്നവും തോന്നാതിരുന്ന സർക്കാർ കാലാവധി പൂർത്തിയാവുന്നത് വരെ പദവിയിൽ തുടരാൻ കമലിനെ അനുവദിച്ചു. 2016ൽ നിയമിക്കപ്പെട്ടയാൾ അങ്ങനെ രണ്ട് ടേമുകളാണ് പൂർത്തിയാക്കിയത്.

മീടൂ വിവാദങ്ങളുടെ ചുവടുപിടിച്ച് മലയാള സിനിമയിൽ നിന്നും മറ്റ് പല മേഖലകളിൽ നിന്നും സമാന വെളിപ്പെടുത്തലുകൾ ഉണ്ടായി. സ്വഭാവനടനായി അറിയപ്പെടുന്നയാൾക്കെതിരെ പരാതി ഉന്നിച്ചത് സിഐടിയുവിൻ്റെ സമുന്നത നേതാവിൻ്റെ മകളായിട്ട് പോലും സിപിഎമ്മിൽ നിന്ന് ഒരുവിധ പ്രതിഷേധവും ഉണ്ടായില്ല. പുരോഗമന കലാസാഹിത്യ സംഘം നേതാവിനെതിരെ ഉയർന്ന പരാതിയിലും കാര്യമായ ഇടപെടലുണ്ടായില്ല. മാധ്യമരംഗത്തും സമാന ആരോപണങ്ങൾ ഉണ്ടായിട്ടും പ്രതിഷേധമൊട്ടും ഉണ്ടായില്ല. ഇതിലെല്ലാം ആരോപണ വിധേയർ ഇടത് സഹയാത്രികർ ആയിരുന്നു എന്നതാണ് ശ്രദ്ധേയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top