ഇരകൾക്കും കൊലപാതകികൾക്കും ഒപ്പം ഓടുന്ന സിപിഎം; പ്രതികളെ ആദ്യം തള്ളിപ്പറയും; പിന്നെ ചേർത്തു പിടിക്കും; ഇരട്ട വേഷമാടുന്ന പാർട്ടി

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും പാർട്ടി നേതാക്കൾ പ്രതികൾക്കൊപ്പമാണ്. ഇന്നലെ കൊച്ചിയിലെ സിബിഐ കോടതിയിൽ വിധി പ്രസ്താവം നടക്കുമ്പോൾ പ്രതികൾക്ക് പിന്തുണയുമായി കാസർകോട്ടെ പ്രമുഖ സിപിഎം നേതാക്കൾ കോടതി പരിസരത്ത് എത്തിയിരുന്നു.

രാഷട്രീയ കൊലപാതകങ്ങളിൽ പാർട്ടി പ്രതിസ്ഥാനത്ത് വരുമ്പോൾ സിപിഎം നേതാക്കൾ സ്ഥിരം പല്ലവി ഉരുവിടുന്ന പതിവുണ്ട് – “പാർട്ടിക്ക് ഈ കൊലപാതകത്തിൽ പങ്കില്ല”. തുടക്കത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഒന്ന് രണ്ട് പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കും. പിന്നെ പതുക്കെ അവരെ ചേർത്തു പിടിക്കും. എല്ലാ സഹായങ്ങളും ഉറപ്പാക്കും.

പെരിയ കേസിൽ ഒന്നാം പ്രതി എം.പീതാംബരനെ പാർട്ടി പുറത്താക്കിയിരുന്നു. പീതാംബരന് കൊല്ലപ്പെട്ട കൃപേഷിനോടും ശരത് ലാലിനോടുമുള്ള വ്യക്തിവിദ്വേഷം മൂലമാണ് കൊല നടത്തിയതെന്നാണ് സിപിഎമ്മും അവരുടെ മുഖപത്രവും ഇപ്പോഴും പ്രചരിപ്പിക്കുന്നത്. ഈ അവകാശവാദങ്ങൾ എല്ലാം ശുദ്ധ കളവാണെന്ന് തെളിയിക്കുന്ന ഒരു ചിത്രം ഇന്നത്തെ മലയാള മനോരമ പത്രത്തിലുണ്ട്.

മലയാള മനോരമയില്‍ വന്ന ചിത്രം

പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതി പീതാംബരന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ വി.വി.രമേശൻ ഹസ്തദാനം നൽകി വർത്തമാനം പറയുന്ന ചിത്രമാണത്. രമേശനൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷുമുണ്ട്. ഈ ചിത്രത്തിൽ 21 ആം പ്രതി രാഘവൻ വെളുത്തോളിയേയും കാണാം. സിബിഐ കോടതി പരിസരത്ത് കാസർകോട്ടെ നിരവധി പ്രാദേശിക നേതാക്കൾ എത്തിയിരുന്നു. പാർട്ടിക്ക് കേസുമായി ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണ് നേതാക്കൾ പ്രതികൾക്ക് പിന്തുണയുമായി രംഗത്ത് വരുന്നതെന്ന് ചോദിച്ചാൽ സിപിഎം നേതൃത്വത്തിന് മറുപടി ഇല്ല. പാർട്ടി പുറത്താക്കിയ പ്രതിയോടൊപ്പം നേതാക്കൾ ഒരുമിച്ച് നിൽക്കുന്നതിൽ സിപിഎം അസ്വഭാവികത കാണുന്നില്ല.

പാർട്ടി പുറത്താക്കിയെന്ന് പറയുന്ന പീതാംബരന്‍റെ ഭാര്യക്ക് താല്കാലിക സർക്കാർ ജോലി നൽകി കുടുംബത്തെ സംരക്ഷിക്കാനും സിപിഎം തയ്യാറായി. പെരിയ ഇരട്ടക്കൊല കേസിലെ മൂന്നുപ്രതികളുടെ ഭാര്യമാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ താൽക്കാലിക ജോലി നൽകിയിരുന്നു.

ഒന്നാം പ്രതി പീതാംബര​ന്‍റെ ഭാര്യ കല്യോട്ട് എച്ചിലടുക്കത്തെ മഞ്ജു, രണ്ടാം പ്രതി കല്യോട്ടെ സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്, മൂന്നാം പ്രതി കല്യോട്ട് സുരേഷിന്റെ ഭാര്യ കെ.എസ്.ബേബി എന്നിവർക്കും താൽക്കാലിക നിയമനം നൽകിയിട്ടുണ്ട്. പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ചുമതല സിപിഎം രഹസ്യമായി ഏറ്റെടുക്കുകയും അതിൻ്റെ ഭാഗമായാണ് ജില്ലാ ആശുപത്രിയിൽ നടത്തിയ നിയമനമെന്ന് അക്കാലത്ത് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇതിനൊക്കെ പുറമെയാണ് സിബിഐ അന്വേഷണം തടയാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചത്.

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യക്കേസിൽ പാർട്ടി നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് പറയുകയും പ്രതി പി.പി.ദിവ്യയെ സംരക്ഷിക്കുന്നതും ഇവർ തന്നെ. ദിവ്യ ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തു വന്ന ദിവസം അവരെ സ്വീകരിക്കാൻ പാർട്ടിയുടെ ജില്ലാ – പ്രാദേശിക നേതാക്കളെല്ലാം എത്തിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ഭാര്യയും ജില്ലാ കമ്മറ്റി അംഗവുമായ പി.കെ.ശ്യാമള, ജില്ലാ സെക്രട്ടറിയേറ്റംഗം എൻ.സുകന്യ, എം.വി.സരള സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി.ഗോപിനാഥ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ തുടങ്ങിയവരെ ജയിൽ പരിസരത്ത് കണ്ടിരുന്നു.

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇപ്പോഴും സിപിഎം പറയുന്നത്. കേസിലെ എട്ടാം പ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കൽകമ്മിറ്റി അംഗവുമായ കെ.സി.രാമചന്ദ്രന് ടി.പി.ചന്ദ്രശേഖരനോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ വാടക കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയെന്നാണ് സിപിഎം പറഞ്ഞത്. കെ.സി.രാമചന്ദ്രനെ കൊലപാതകത്തിന്‍റെ പേരിൽ പാർട്ടി പുറത്താക്കിയിരുന്നു. പാർട്ടി പുറത്താക്കാൻ തീരുമാനിച്ച വിവരം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ 2014 ഫെബ്രുവരി 10ന് ജയിലിൽ നേരിട്ട് പോയി അറിയിക്കുകയായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ച അസാധാരണമായ നടപടി ക്രമമായിരുന്നു ഇത്. കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് അവകാശപ്പെടുന്ന പാർട്ടി തന്നെയാണ് പ്രതികളുടെ കേസ് നടത്തുന്നതും, വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതും അവരുടെ കുടുംബത്തെ ഇപ്പോഴും സംരക്ഷിക്കുന്നതുമെല്ലാം.

ടിപി കേസിലെ പ്രതികളായ വാടക കൊലയാളികൾക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നാണ് പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മറ്റ് നേതാക്കളും പൊതുജനങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നത്. എന്നാൽ സിപിഎമ്മിന്റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ 2018 ജൂൺ 11ന് നിയമസഭയിൽ പറഞത് കൊടി സുനിയുൾപ്പടെ പ്രതികളായ 12 പേർ സി പി എം അനുഭാവികളാണെന്നാണ്. ടിപി വധക്കേസിലെ പ്രതികൾക്കു വേണ്ടി കേസു നടത്തിയതും ഹൈക്കോടതിയിൽ അപ്പീൽ പോയതും സിപിഎമ്മാണ്. ടിപി കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിക്കും കൂട്ടർക്കും ക്രൂരമർദനം ഏറ്റുവെന്നാരോപിച്ച് കൊടിയേരിയുടെ നേതൃത്വത്തിൽ വിയ്യൂർ ജെയിലിനു മുന്നിൽ സത്യഗ്രഹമിരുന്നതും കേരളം കണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top