ഇടുക്കിയിലെ അതിർത്തിമേഖലയിൽ തൊഴിലാളികൾക്ക് ഇരട്ടവോട്ടെന്ന് കണ്ടെത്തൽ; വോട്ടർമാർക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്

ഇടുക്കി: ഉടുമ്പൻചോല മണ്ഡലത്തിലെ അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി റവന്യു വകുപ്പ് കണ്ടെത്തൽ. തൊഴിലാളികളിൽ പലർക്കും കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളതായാണ് പരിശോധനയിൽ തെളിഞ്ഞത്.
അതിർത്തിഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് ഇരട്ടവോട്ടുണ്ടെന്ന് ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് കണ്ടെത്തിയത്. 174 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലാണ് കൂടുതൽ ഇരട്ടവോട്ടുകൾ ഉള്ളത്. ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടേഴ്സ് ലിസ്റ്റുകളിലാണ് പേരുള്ളത്.
രണ്ടു വോട്ടേഴ്സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. മറ്റ് അതിർത്തി പ്രദേശങ്ങളിലും പരിശോധന വ്യാപകമാക്കാൻ ഒരുങ്ങുകയാണ് റവന്യു വകുപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here