ഇടത് വിജയം തടയാന്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തും; 20 ലോകസഭ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരട്ടവോട്ടുകൾ കണ്ടെത്താന്‍ യുഡിഎഫ്. കഴിഞ്ഞ പാർലമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ നടത്തിയ ശ്രമം ഗുണംചെയ്തതിനാലാണ് നീക്കം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങൽ മണ്ഡലത്തില്‍ അടൂര്‍ പ്രകാശാണ് ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയത്. ഇക്കുറി 1.72 ലക്ഷം വോട്ടർമാരുടെ ഇരട്ടിപ്പാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടെത്തിയത്. ഇക്കാര്യം പട്ടികസഹിതം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായി യുഡിഎഫ്സ്ഥാനാർഥി അടൂർ പ്രകാശ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ 1.12 ലക്ഷം ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 30,000-ത്തോളം വോട്ടുകൾ കമ്മീഷൻ വോട്ടർപട്ടികയിൽനിന്ന് നീക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ ആരോപണം രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച് പട്ടികയും തയ്യാറാക്കി. പക്ഷെ അന്നത് എല്ലാ മണ്ഡലങ്ങളിലും വേണ്ടത്ര ഉപയോഗിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എന്നാൽ ആറ്റിങ്ങലിൽ അത് വിജയമായി. ഇതിനാലാണ് ഇത്തവണ പട്ടിക പരിശോധന നേരത്തെ തുടങ്ങിയത്. ബൂത്തുതലത്തിൽ വോട്ടർപട്ടിക പരിശോധിക്കാൻ നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഇരട്ടവോട്ടുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. 140 മണ്ഡലങ്ങളിലായി 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷനേതാവ് അന്ന് നൽകിയത്. കോടതിയെയും സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടിക ശുദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിച്ചിരുന്നു. 38,586 ഇരട്ടവോട്ടുകളാണ് കമ്മീഷൻ കണ്ടെത്തിയത്. ഒരുബൂത്തിൽതന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 പേരുണ്ടായിരുന്നു

ഇആർഒ നെറ്റ് സോഫ്റ്റ്‌വേറിന്റെ സഹായത്തോടെയായിരുന്നു വോട്ടര്‍ പട്ടിക പരിശോധന നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top