മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് രൂപരേഖയായി, 1300 കോടി എസ്റ്റിമേറ്റ്; പണിയാൻ ഏഴുവർഷം; എതിർപ്പുമായി തമിഴ്നാട് പാർട്ടികൾ, പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. തമിഴ്‌നാടിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സംസ്ഥാനം മുന്നോട്ടു പോകുന്നത്. പുതിയ ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനുളളില്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാനാണ് കേരളത്തിന്റെ തീരുമാനം. ഡാമിന്റെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. 1300 കോടി രൂപയാണ് പുതിയ ഡാമിന്റെ എസ്റ്റിമേറ്റ്. ഡാമിന്റെ ഉയരം, വീതി, പ്രവര്‍ത്തനം, പ്രത്യേകതകള്‍ എന്നിവയാണ് ഡിപിആറില്‍ ഉണ്ടാവുക.

പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ 7 വര്‍ഷമാണ് ജലസേചന വകുപ്പ് കണക്കാക്കിയിരിക്കുന്നത്. അടിയന്തരമായി ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 5 വര്‍ഷത്തിനകം പൂര്‍ത്തിയാക്കാം. ഇടുക്കി കുമളി പഞ്ചായത്തിലാണ് നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഭൂചലനവും പ്രളയ ഭീഷണിയും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പന തയാറാക്കിയിരിക്കുന്നത്.

പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്. ഈ മാസം 28നു ചേരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി യോഗത്തില്‍ പുതിയ ഡാം എന്ന ആവശ്യം കേരളം ഉന്നയിക്കും. പഴയ ഡാം പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിന് അനുമതിക്കായും കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

കേരളവും തമിഴ്‌നാടും സമവായത്തിലെത്തിയാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കേരളത്തിന്റെ നീക്കങ്ങളെ തമിഴ്‌നാട് എതിര്‍ക്കുകയാണ്. പുതിയ ഡാമിനായുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയെ നേരില്‍ക്കാണാന്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. തമിഴ്‌നാടിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിര്‍മിക്കാന്‍ കേരള സര്‍ക്കാരിന് അനുവാദം നല്‍കരുതെന്നുള്ള കത്ത് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കാനാണു നീക്കം. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനെയും എതിര്‍ക്കാനും തമിഴ്‌നാട് തീരുമാനിച്ചിട്ടുണ്ട്.

പുതിയ അണക്കെട്ടിനായി 2011ലും ഡിപിആര്‍ തയാറാക്കിയിരുന്നു. 600 കോടി രൂപയായിരുന്നു അന്ന് ചിലവ് പ്രതീക്ഷിച്ചിരുന്നത്. അന്ന് മണ്ണ് പരിശോധനയടക്കം പൂര്‍ത്തിയായെങ്കിലും തമിഴ്‌നാട് എതിര്‍ത്തതോടെ നടപടികള്‍ മുടങ്ങി. 1979ലാണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് കേരളം സ്ഥലം നിര്‍ണ്ണയിച്ചത്്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top