യുവഡോക്ടറുടെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്; ‘ജീവിതം മടുത്തു. മരണത്തില്‍ ആരും ഉത്തരവാദികളല്ല.’; വിശദമായി അന്വേഷിക്കാന്‍ പോലീസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നും കുറിച്ചിട്ടുണ്ട്. അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍ കോളജിന് സമീപത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
ഇന്നലെയാണ് വെള്ളനാട് സ്വദേശിനിയായ ഡോ. അഭിരാമിയെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു അഭിരാമി മൂന്ന് വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നത്. ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അഭിരാമിയുടെ അമ്മ രമാദേവി വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിന്‍ഭാഗത്തെ ജനല്‍ചില്ലുകള്‍ തകര്‍ത്തപ്പോഴാണ് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. വാതില്‍ ചവിട്ടിപ്പൊളിച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ തന്നെ വീട്ടിലേക്ക് എത്തിക്കും. ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തെങ്കിലും പ്രശ്‌നങ്ങള്‍ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ആറ് മാസം മുമ്പാണ് അഭിരാമിയുടെ വിവാഹം കൊല്ലം സ്വദേശിയായ ഡോ.പ്രതീഷുമായി നടന്നത്. ഭര്‍ത്താവ് മുംബൈ ഇഎസ്‌ഐ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് ഭര്‍ത്താവ് നാട്ടിലെത്തിയതിനാല്‍ ഇന്നലെ കൊല്ലത്തെ വീട്ടിലേക്ക് പോകുമെന്ന് പിതാവിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. മെഡിക്കല്‍ കോളജിലെ സഹപ്രവര്‍ത്തകരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഡിസംബറിലാണ് മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ത്ഥിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്തത്. സഹപാഠിയും സുഹൃത്തുമായ ഡോ.റുവൈസ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. ഇതിന്റെ ആഘാതം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിട്ടൊഴിയുന്നതിന് മുമ്പാണ് വീണ്ടും ഒരു യുവഡോക്ടര്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here