കിഡ്നി റാക്കറ്റ് ബന്ധമുള്ള വനിത ഡോക്ടർ അറസ്റ്റിൽ; പ്രധാനി ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോ. വിജയകുമാരി

അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ഡൽഹി അപ്പോളോ ആശുപത്രിയിലെ വനിതാ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിജയകുമാരിയാണ് അറസ്റ്റിലായത്. ബംഗ്ലാദേശ്, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന കിഡ്നി റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വിജയകുമാരി മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലത്ത് 15-16 വൃക്കമാറ്റ ശസ്ത്രക്രിയകൾ നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഈ റാക്കറ്റിൽപ്പെട്ട മൂന്ന് ബംഗ്ലാദേശികളെ നേരത്തെ പിടികൂടിയിരുന്നു
ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ ഓഫീസിന്‍റെ പേരിൽ വ്യാജ രേഖകൾ തയ്യാറാക്കിയാണ് ബംഗ്ലാദേശിൽ നിന്ന് വൃക്ക ദാതാവിനേയും സ്വീകർത്താവിനേയും കൊണ്ടുവന്നിരുന്നത്. കിഡ്നി ട്രാൻസ്പ്ലാന്റ് വിദഗ്ധയായ ഡോ.വിജയകുമാരി സർജറികൾ നടത്തിയിരുന്നത് നോയിഡയിലുള്ള യഥാർത്ഥ് ആശുപത്രിയിലാണ്. അവരുടെ ശുപാർശയിൽ വരുന്ന രോഗികളെയാണ് ഇവിടെ വൃക്കമാറ്റത്തിനും മറ്റും ഉപയോഗിച്ചതെന്ന് യഥാർത്ഥ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് സുനിൽ ബലിയാൻ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് വിജയകുമാരി അപ്പോളോ ആശുപത്രിയിൽ ചേർന്നത്.
മെഡിക്കൽ ടൂറിസത്തിന്‍റെ മറവിലാണ് രോഗികളെ ഇവിടെ എത്തിച്ച് വൃക്കമാറ്റം നടത്തുന്നത്. യഥാർത്ഥ് ആശുപത്രിയിൽ സർജറിക്ക് വിധേയമായ രോഗിയിൽ നിന്നാണ് റാക്കറ്റിന്‍റെ വിവരങ്ങൾ പുറത്തായത്. വൃക്ക റാക്കറ്റുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് 50കാരിയായ വിജയകുമാരി. ഈയടുത്ത കാലത്ത് രാജസ്ഥാനിൽ നിന്ന് ചിലരെ പിടികൂടിയപ്പോഴാണ് അന്താരാഷ്ട്ര വേരുകളുള്ള റാക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here