കണ്ണൂരില്‍ പുതിയ വിസി; ഡോ. ബിജോയ്‌ നന്ദന്‍ ഉടന്‍ സ്ഥാനമേല്‍ക്കും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലറായി ഡോ. ബിജോയ്‌ നന്ദന്‍ സ്ഥാനമേല്‍ക്കും. നിലവില്‍ കുസാറ്റിലെ മറൈന്‍ ബയോളജി വിഭാഗം ഡീനാണ്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. മുന്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ നിയമന രീതി ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് ഇന്നലെ സുപ്രീംകോടതി നിയമനം റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ് വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പറഞ്ഞത്. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാർ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ കോടതി നടത്തിയത്. സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ വിസി നിയമന പ്രക്രിയയെ ദുഷിപ്പിച്ചു. വിസിയുടെ പുനർനിയമനം ചാൻസിലറിൻ്റെ അധികാരമാണെന്നും അതിൽ സർക്കാർ ഇടപെടൽ വന്നുവെന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിർ സമർപ്പിച്ച ഹർജിയിലായിരുന്നു വിധി.

അതേസമയം, പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായും പുനപരിശോധനാ ഹർജി നൽകില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. താന്‍ ആവശ്യപ്പെട്ടല്ല നിയമിച്ചതെന്നും നിയമനം രാഷ്ട്രീയ പ്രത്യുപകാരമാണെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പുനര്‍നിയമനത്തില്‍ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. പ്രിയയുടെ നിയമനം കോടതി തന്നെ അംഗീകരിച്ചു. നിയമനങ്ങളിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top