പ്രണയപ്പക തീര്‍ക്കാന്‍ ഡോക്ടര്‍ ദീപ്തി നടത്തിയത് മാസങ്ങളുടെ ആസൂത്രണം; വെടിവയ്ക്കാന്‍ പ്രത്യേക പരിശീലനം

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടില്‍ കയറി വെടിവച്ച ഡോക്ടര്‍ ദീപ്തിമോള്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തത് ഡ്യൂട്ടിക്കിടെ ആയിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറായിരുന്നു ദീപ്തി. കൃത്യമായ തെളിവുകള്‍ ലഭിച്ച ശേഷമായിരുന്നു പോലീസ് ഈ നടപടിയിലേക്ക് കടന്നത്. ഉച്ചക്ക് 12 മണിയോടെ ആശുപത്രിയിലെത്തിയ സംഘം ഡോക്ടറെ അതിവേഗത്തില്‍ അറസ്റ്റ് ചെയ്ത് മടങ്ങുകയായിരുന്നു. ദീപ്തിയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയിലെ ഡോക്ടറാണ്.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഡോ: ദീപ്തി എല്ലാം നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് പ്രണയവും പകയും ആസൂത്രണവുമെല്ലാം പ്രതി വ്യക്തമാക്കിയത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ദീപ്തിയുമായി അടുത്തത്. എന്നാല്‍ ഇവിടെ നിന്നും ജോലി മാലദ്വീപിലേക്ക് മാറിയതോടെ ഈ ബന്ധത്തില്‍ നിന്ന് അകന്നു. ഇതിലെ പകയാണ് വെടിവയ്പ്പ് വരെ എത്തിച്ചത്.

മാസങ്ങളോളം നീണ്ട ആസുത്രണം ദീപ്തി ഇതിനായി നടത്തി. പലവട്ടം വഞ്ചിയൂരിലെ വീട്ടിലെത്തി നിരീക്ഷണം നടത്തി. എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങി. ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം വെടിവച്ച് പരിശീലനം നടത്തി. വീടും പരിസരവും നിരീക്ഷിക്കുന്നതിനിടയിലാണ് സുജിത്ത് വീട്ടിലേക്ക് കൊറിയര്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതും. ആ വേഷത്തില്‍ വീട്ടില്‍ എത്തിയതും വെടിവച്ചതും.

ബന്ധുവിന്റെ വാഹനം വാങ്ങിയാണ് ആക്രണത്തിന് എത്തിയത്. ഇതില്‍ ഉണ്ടായിരുന്ന വ്യാജ നമ്പര്‍ പ്ലേറ്റ് എറണാകുളത്ത് നിന്നും സംഘടിപ്പിച്ചതാണ്. ഡോക്ടര്‍ ആയതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും ദീപ്തിക്ക് അറിയാമായിരുന്നു. ആക്രമിച്ച ദിവസം ധരിക്കാന്‍ നീളന്‍ കോട്ടും പ്രത്യേക തൂവാലയും വാങ്ങിയിരുന്നു. ഇത്രയും ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയത്.

തിരക്ക് കുറഞ്ഞ ദിവസം നോക്കിയാണ് ഞായറാഴ്ച പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചതും. ഷിനിയുടേയും ഭര്‍ത്താവിന്റേയും മൊഴി രേഖപ്പെടുത്തിയതോടെയാണ് പോലീസിന് പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. ഒപ്പം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണവും നിര്‍ണ്ണായകമായി. ആക്രമണത്തിന് ദീപ്തിയെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഷിനിയുടെ വീട്ടില്‍ കൊറിയര്‍ നല്‍കാനെന്ന വ്യാജേന എത്തി പ്രതി വെടിവച്ചത്. ഷിനിയുടെ കൈയ്യിലാണ് വെടിയേറ്റത്. രക്തം തെറിച്ചതോടെ ഷിനി ചെറുതായി ഒന്ന് പതറി. അതിനാലാണ് അടുത്ത വെടിയൊന്നും ലക്ഷ്യമില്ലാതെ ചുമരില്‍ പതിച്ചതും ഷിനിയുടെ ജീവന്‍ രക്ഷപ്പെട്ടതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top