ലൈംഗികാരോപണം കുടുംബം തകര്‍ത്തുവെന്ന് കേന്ദ്ര സര്‍വകലാശാല അധ്യാപകന്‍; ആഭ്യന്തര അന്വേഷണത്തിൽ കുറ്റവിമുക്തനായി ഇഫ്തിക്കർ അഹമ്മദ്; സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തു

കാസർകോട്: കേന്ദ്രസർവകലാശാലയിൽ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്ന ഡോ. ബി.ഇഫ്തികർ അഹമ്മദിനെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചും സസ്‌പെൻഷൻ പുനഃപരിശോധനാ കമ്മിറ്റിയുടെ മിനുട്സുമാണ് പരിഗണിച്ചത്. ഇഫ്തികറിനെതിരേ വകുപ്പുതല അന്വേഷണം നടത്തണമെന്നും പരാതിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട അക്കാദമിക് കാര്യങ്ങളില്‍ നിന്നും മാറ്റിനിർത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം തന്നെ മനപൂര്‍വം കുടുക്കാനായിരുന്നുവെന്ന് ഡോ. ബി. ഇഫ്തികർ അഹമ്മദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഇംഗ്ലീഷ് പരീക്ഷ സമയത്ത് ഒരു വിദ്യാര്‍ഥിനി കുഴഞ്ഞുവീണിരുന്നു. അദ്ധ്യാപകന്‍ എന്ന നിലയില്‍ ഞാനാണ് മറ്റ് കുട്ടികള്‍ക്കൊപ്പം ആ കുട്ടിയെ പരിചരിച്ചത്. ആശുപത്രിയിലാക്കാനും ഞാന്‍ തന്നെയാണ് ആംബുലന്‍സില്‍ ഒപ്പം പോയത്. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്ന് ആ കുട്ടി എനിക്കെതിരെ പരാതി നല്‍കി. ഈ പരാതിയെല്ലാം ഒരുമിച്ചാണ് സര്‍വകലാശാല സമിതി പരിശോധിച്ചത്. സര്‍വകലാശാല കൈമാറിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് ഞാന്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടി. ഞാന്‍ തനിച്ചായിരുന്നില്ല മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ആംബുലന്‍സില്‍ ഇരുന്നത്. എല്ലാം എനിക്കെതിരെ ചിലര്‍ ആയുധമാക്കി.”

“ഇംഗ്ലീഷ് അധ്യാപകനെന്ന നിലയില്‍ ഷെയ്ക്സ്പിയർ കൃതികളാണ് പഠിപ്പിക്കുന്നത്. വിശകലനാത്മകമായി പഠിപ്പിക്കേണ്ടി വരും. ലൈംഗിക സൂചനയുള്ള പാഠഭാഗങ്ങളും അതില്‍ കടന്നുവരാം. അതില്‍ വിശകലനം വേണ്ടി വരും. ഇതൊക്കെ കുട്ടികളുമായി പങ്കുവെക്കേണ്ടി വരും. ഇതെല്ലാം ആരോപണങ്ങളായി. സര്‍വകലാശാലയിലെ ചിലര്‍ വിദ്യാര്‍ഥികളെ എനിക്കെതിരെ തിരിച്ചു. ഒരു പെണ്‍കുട്ടി എനിക്കെതിരായി നല്‍കിയ ലൈംഗിക പീഡനപരാതിയും വിദ്യാര്‍ഥിനികളുടെ ആരോപണങ്ങളും എന്റെ കുടുംബം തകര്‍ത്തു.”

“എംടെക്കിന് പഠിക്കുന്ന മകനായിരുന്നു കൂടുതല്‍ വിഷമം. അവനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ സമയമെടുത്തു. ഭാര്യക്കും സത്യാവസ്ഥ പറഞ്ഞുകൊടുത്തു. മനോവിഷമത്തിലാണ് ദിനങ്ങള്‍ തള്ളി നീക്കിയത്. കടുത്ത സൈബര്‍ ആക്രമണമാണ് എനിക്കെതിരെ വന്നത്. സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാന്‍ ആരും തയ്യാറായില്ല. എനിക്കെതിരെ പരാതി നല്‍കിയ കുട്ടിക്കും ആരോപണം ഉന്നയിച്ച മറ്റ് കുട്ടികള്‍ക്കും എതിരെ നിയമത്തിന്റെ വഴി തേടും.” ഇഫ്തികർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top