പിണറായി സര്‍ക്കാരിനെ കണക്കിന് വിമര്‍ശിച്ച് സിപിഐ നേതാവിന്റെ മകള്‍; ആശ സമരത്തില്‍ താരമായി ഡോ: കെജി താര

അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കാത്ത കേരളത്തിലെ പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍ എങ്ങനെ ഇടത് സര്‍ക്കാരാകുമെന്ന് ഡോ. കെജി താര. സെക്രട്ടറിയേറ്റ് നടയില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കയായിരുന്നു താര. സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് സെന്റര്‍ മുന്‍ മേധാവിയാണ്. അതിലുപരി പ്രമുഖ സിപിഐ നേതാവ് കെ ഗോവിന്ദപ്പിളളയുടെ മകളാണ് താര. ആശമാരോടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താര വിമര്‍ശനം ഉയര്‍ത്തിയത്.

ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എങ്ങനെയാണ് ഇത്ര ജനവിരുദ്ധമാകുന്നത്. നാടിനു വേണ്ടി ജീവിതം നീക്കിവെച്ചിരിന്ന പാവങ്ങളായ ആശമാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുന്ന തൊഴിലാളി വര്‍ഗത്തിന് ചേര്‍ന്നതാണോ എന്ന് അന്വേഷിക്കണം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് വോട്ട് ചെയ്ത ഒരാളാണ് താനെന്നും അവര്‍ പറഞ്ഞു.
39 ദിവസമായി തുടരുന്ന ആശമാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് അനിശ്ചിതകാല നിരാഹാരസമരം. ആശ വര്‍ക്കര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എംഎ ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് സത്യഗ്രഹമനുഷ്ഠിക്കുന്നത്. ഓണറേറിയം 21000 രൂപയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഇന്നലെ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടറുമായും ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ പൊളിഞ്ഞ ഘട്ടത്തിലാണ് നിരാഹാര സമരത്തിലേക്ക് കടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here