സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് പുതിയ വിസി; നീതി ഉറപ്പാക്കുമെന്ന് ഡോ.കെ.എസ്.അനില്‍; മരണത്തില്‍ 10 കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കുടുംബം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്.അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. ചുമതലയേറ്റ ശേഷം, സര്‍വകലാശാലയില്‍ എത്തുന്നതിനും മുന്‍പാണ് വിസി സിദ്ധാര്‍ത്ഥന്‍റെ നെടുമങ്ങാടുള്ള വീട്ടിലെത്തിയത്. മുക്കാല്‍ മണിക്കൂറോളം ചിലവഴിച്ച് മാതാപിതാക്കളും ബന്ധുക്കളുമായി ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പത്ത് കാര്യങ്ങള്‍ പുതിയ വിസിക്ക് സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കള്‍ എഴുതി നല്‍കി. വീട്ടുകാരെ സംബന്ധിച്ച് ഇനിയും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ഇവ. അവര്‍ എഴുതി നല്‍കിയ കാര്യങ്ങള്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് കൈമാറുമെന്ന് വിസി കെ.എസ്.അനില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“തിങ്കളാഴ്ച വെറ്ററിനറി സര്‍വകലാശാലയില്‍ എത്തും. വയനാട് പോകുന്നതിന് മുന്‍പ് തന്നെ സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ പോയത് അത് ഒരു സെന്‍സിറ്റീവ് പ്രശ്നമായി തുടരുന്നതുകൊണ്ടാണ്. സിദ്ധാര്‍ത്ഥന്റെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കണം. അവര്‍ക്ക് ഒരു വിശ്വാസക്കുറവുണ്ട്. അത് പരിഹരിക്കാന്‍ വേണ്ടിയാണ് സന്ദര്‍ശനം നടത്തിയത്. ഇപ്പോള്‍ കുടുംബം പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ കമ്മീഷന് മുന്‍പില്‍ വരുന്ന കാര്യങ്ങളാണ്. എന്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും നല്‍കിയിരിക്കും. ഗവര്‍ണര്‍, മന്ത്രി എന്നിവരെ ഇന്നു കാണുന്നുണ്ട്. കുടുംബത്തിന് സഹായകരമായ നിലപാട് സ്വീകരിക്കും. സര്‍വകലാശാല തലത്തില്‍ നിന്നും വന്ന വീഴ്ചകള്‍ വിശദമായി പരിശോധിക്കും.”- കെ.എസ്.അനില്‍ പറഞ്ഞു.
ആവശ്യങ്ങള്‍ വിസിക്ക് എഴുതി നല്‍കി കുടുംബം
പത്ത് കാര്യങ്ങളാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം വിസിക്ക് എഴുതി നല്‍കിയത്. സിദ്ധാര്‍ത്ഥന്റെ മരണവിവരം ഔദ്യോഗികമായി ഇതുവരെ വീട്ടുകാരെ അറിയിച്ചിട്ടില്ല. ഒരു പിജി വിദ്യാര്‍ത്ഥി മാത്രമാണ് മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങളെ അറിയിച്ചത്. എന്തുകൊണ്ടാണ് കോളജ് ഈ കാര്യത്തില്‍ വീഴ്ച വരുത്തിയത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട 33 വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. ആരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഡീന്‍ ഈ കാര്യം ചെയ്തത്? വെറ്ററിനറി കോളജ് ഡീൻ ഡോ. എം.കെ. നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള കായികാധ്യാപകൻ ഡോ. ആർ. കാന്തനാഥൻ എന്നിവർക്ക് സസ്പെൻഷൻ ലഭിച്ചു. പക്ഷെ നിയമനടപടി സ്വീകരിച്ചിട്ടില്ല. ഈ ശുപാര്‍ശ പോലീസിനു കൈമാറണം. സിദ്ധാര്‍ത്ഥന് എതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പോലീസിന് കൈമാറണം, അവരുടെ പങ്ക് വെളിവാക്കണം.
വ്യാജ പരാതിയില്‍ നടപടി എടുത്ത കോളജിലെ ആഭ്യന്തര പരാതി സമിതിയിലുള്ളവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം. സിദ്ധാര്‍ത്ഥനെ മര്‍ദിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. പിന്നീട് ആള്‍ക്കൂട്ട വിചാരണ നടത്തുമ്പോള്‍ മറ്റു പെണ്‍കുട്ടികള്‍ കൂടിയുണ്ട്. ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. ഈ പെണ്‍കുട്ടികള്‍ കോളജ് മാറ്റത്തിന് ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കരുത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട 33 വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചപ്പോള്‍ ക്യാമ്പസില്‍ ബൈക്ക് റാലി നടത്തി. ഇവര്‍ക്ക് അനുമതി നല്‍കിയ കോളജ് അധികൃതര്‍ക്ക് എതിരെ നടപടി എടുക്കണം.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ഹോസ്റ്റലില്‍ പ്രവേശനമില്ല. പക്ഷെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ഇതാരാണ് അനുമതി നല്‍കിയത്. ഈ കാര്യം അന്വേഷിക്കണം എന്ന് തുടങ്ങിയുള്ള വിശദമായ നിവേദനമാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം കൈമാറിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here