മേരിക്കും കൊച്ചുമകൾക്കും ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷ; രണ്ട് പതിറ്റാണ്ട് കൊണ്ട് 300 കുടുംബങ്ങൾക്ക് ആശ്രയമായി ഡോ.എം.എസ് സുനിൽ

പത്തനംതിട്ട: വൃദ്ധയായ മേരിക്കും പേരക്കുട്ടി വിജിതക്കും ഇനി സമാധാനമായി ഉറങ്ങാം. വീട്ടുജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പ്ലസ്ടു വിദ്യാർത്ഥിനിയായ കൊച്ചുമകളെ വളർത്തുന്ന അടൂർ ആനന്ദപ്പള്ളി സ്വദേശിയായ മേരിയ്ക്ക് അടച്ചുറപ്പുള്ള നല്ലൊരു വീട് വിദൂര സ്വപ്നമായിരുന്നു. ആറ് മാസം പ്രായമുള്ളപ്പോൾ അമ്മ ഉപേക്ഷിച്ചു പോയ വിജിതയ്ക്ക് അച്ഛന്റെ മരണ ശേഷം ഏക ആശ്രയം മുത്തശ്ശി മേരിയാണ്. ചോർന്നൊലിക്കുന്ന വീടിൽ പേടിച്ചു കഴിഞ്ഞിരുന്ന ഇവർക്ക് ആശ്വാസമായത് ഡോ.എം.എസ് സുനിൽ എന്ന അധ്യാപികയാണ്. സുനിലിന്റെ ‘ഹോം ഫോർ ഹോംലെസ്സ്’ എന്ന പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകിയത്. പദ്ധതിയിലെ 300ാമത്തെ വീട് ലഭിച്ചത് മേരിക്കാണ്. സർക്കാരിന്റെ പദ്ധതികളിലൂടെ വീട് ലഭിക്കാൻ പലർക്കും പ്രസായമായതിനാൽ അത്തരക്കാർക്ക് ആശ്രയമാവുകയാണ് സുനിൽ.
ചിക്കാഗോയിൽ സ്ഥിരതാമസമായ ജോബി വർഗീസും ഭാര്യ സൂസി വർഗീസുമാണ് വീട് നിർമിക്കാനുള്ള പണം നൽകിയത്. “സ്ഥലപരിമിതി കാരണം രണ്ടു നിലകളിലായാണ് വീട് നിർമിച്ചത്. ഓട് ഉപയോഗിച്ചാണ് മേൽക്കൂര നിർമിച്ചത്. ഏഴര ലക്ഷം രൂപ ചിലവിട്ടാണ് വീട് പൂർത്തിയാക്കിയത്. സ്പോൺസർ തന്നെ പറഞ്ഞതനുസരിച്ചാണ് രണ്ടു നിലയിൽ ചെയ്തത്. ഒറ്റക്ക് താമസിക്കുന്ന രണ്ട് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന നിലയിലാണ് നിർമിച്ചിരിക്കുന്നത്”; സുനിൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
2005 ൽ താൻ അധ്യാപികയായിരുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാർത്ഥിക്ക് വീട് നിർമിച്ചു നൽകിയാണ് ഡോ.എം.എസ്.സുനിലിന്റെ തുടക്കം. നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായാണ് വീട് നൽകിയത്. പിന്നീട് സ്വന്തമായി ചെയ്തു തുടങ്ങി. 19 വർഷത്തിനിടെ ഡോ.സുനിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയത് 300ലധികം വീടുകളാണ്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകാൻ സന്നദ്ധരായവരുടെ സഹായത്തോടെയാണിത്. തുടക്കത്തിൽ പല പ്രതിസന്ധികളും നേരിട്ടിരുന്നു പക്ഷെ പിന്നീട് സഹായിക്കാനായും വീടിന്റെ ആവശ്യം അറിയിച്ചും ആളുകൾ എത്താൻ തുടങ്ങി.
കൊല്ലം,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നീ എട്ടു ജില്ലകളിലായാണ് വീടുകൾ നിർമിച്ചു നൽകിയത്. ഒരു വ്യക്തി ഒരു വീട് എന്ന നിലക്കാണ് സ്പോൺസർ ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 650 സ്ക്വയർ ഫീറ്റ് വീടുകളാണ് നിർമിക്കുന്നത്. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവർക്ക് ആദ്യമായി വീട് നിർമ്മിച്ചു നൽകിയതും ഡോ.സുനിലിന്റെ നേതൃത്വത്തിലാണ്. 22 വീടുകൾ അക്കാലത്തു നിർമിച്ചു. ഇതുകൂടാതെ കോവിഡ് കാലത്ത് 50 വീടുകൾ പൂർത്തിയാക്കി. സാധനങ്ങൾ ഉണ്ടായിരുന്നതിനാലും തൊഴിലാളികൾക്ക് പുറത്തേക്ക് പോകാൻ കഴിയാതിരുന്നതിനാലും പണി തുടർന്നു. അതുകൊണ്ട് തൊഴിലാളികൾക്ക് പട്ടിണി കിടക്കേണ്ടി വന്നില്ലെന്നും സുനിൽ പറയുന്നു.
2016ൽ സുവോളജി വിഭാഗം മേധാവിയായി വിരമിച്ച ശേഷം പൂർണമായും വീട് നിർമാണത്തിന് പിന്നാലെയാണ്. ജയലാൽ എന്ന കോന്നി സ്വദേശിയും ഇപ്പോൾ ഈ സേവനത്തിന് സുനിലിനൊപ്പം പ്രവർത്തിക്കുന്നു. ജീവിതത്തിന്റെ നല്ലൊരു പങ്ക് പാവങ്ങൾക്ക് സേവനം ചെയ്യാൻ ഉഴിഞ്ഞു വച്ച ഡോ. സുനിലിന്, സ്ത്രീകളുടെ നേട്ടങ്ങൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ നാരീ ശക്തി പുരസ്‌കാരം നൽകി 2017 ൽ കേന്ദ്ര സർക്കാർ ആദരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here