‘മരണത്തിലും മതം കൊണ്ടുവന്ന് രാഹുല്‍ മൻമോഹനെ അപമാനിച്ചു’; ചിതാഭസ്മം ഒഴുക്കിയപ്പോൾ കോൺഗ്രസുകാർ എവിടെയെന്ന് ബിജെപിയുടെ തിരിച്ചടി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരച്ചടങ്ങിൽ കേന്ദ്ര സർക്കാർ ബോധപൂർവം വീഴ്ചകൾ വരുത്തിയെന്ന കോൺഗ്രസിൻ്റെ ആരോപണത്തിൽ തിരിച്ചടിച്ച് ബിജെപി. വിലകുറഞ്ഞ രാഷ്ട്രീയ നാടകം നടത്താനുള്ള സമയമല്ല ഇതെന്നാണ് കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതികരണം. ഡൽഹി നിഗംബോധ് ഘട്ടിൽ സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിച്ചതിലൂടെ ബിജെപി സിംഗിനെ അപമാനിച്ചെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. ഇത് രാജ്യത്തിൻ്റെ ആദ്യ സിഖ് പ്രധാനമന്ത്രിക്ക് അപമാനമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

യഥാർത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് രാഹുൽ ആരോപിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കോൺഗ്രസ് ഉന്നയിച്ച കാര്യങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അംഗീകരിച്ചിരുന്നു. അവർ ആവശ്യപ്പെട്ടതെല്ലാം അനുവദിച്ചെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

എവിടെയാണ് മൻമോഹൻ സിംഗിൻ്റെ സംസ്കാര ചടങ്ങിലേക്ക് സിഖ് മതം കടന്നുവരുന്നതെന്ന് തനിക്കറിയില്ല. 10 വർഷമായി രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ സേവിച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം. അദ്ദേത്തെ ഒരു സിഖ്കാരനായി മാത്രം ഒതുക്കുന്നത് ശരിയല്ലെന്നും പുരി പറഞ്ഞു. മരണത്തിൽ പോലും മതംകൊണ്ടുവന്ന് രാഹുൽ ഗാന്ധി മഹാനായ ഒരു മനുഷ്യനെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

1991ൽ ഇന്ത്യയുടെ ചരിത്രപരമായ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് മൻമോഹൻ സിംഗിനൊപ്പം വഴിയൊരുക്കിയ പ്രധാനമന്ത്രി പിവി നരസിംഹറാവുവിനോട് മരണാനന്തരം കോൺഗ്രസ് കാണിച്ച അനീതിയെപ്പറ്റിയും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. 2004 ഡിസംബർ 23നാണ് റാവു മരിക്കുന്നത്. ഇപ്പോൾ സിംഗിൻ്റെ ശവസംസ്കാര ചടങ്ങിൽ കേന്ദ്രം അപമാനിച്ചെന്ന് പറയുന്നവർ മൃതദേഹം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പോലും എത്തിച്ചില്ല. ചടങ്ങുകൾ ഹൈദരാബാദിൽ മാത്രമായി ഒതുക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് ഉചിതമായ സ്മാരകം പോലും റാവുവിന് ലഭിച്ചതെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.


സിംഗിൻ്റെ ചിതാഭസ്മം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോൾ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. “ഞാൻ ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി, കോൺഗ്രസ് പാർട്ടിയുടെ ഒരു ഭാരവാഹിയെപ്പോലും ഞാൻ കണ്ടില്ല. നമ്മൾ എന്താണ് ഇവിടെ ചർച്ച ചെയ്യുന്നത്?”- കേന്ദ്ര മന്ത്രി പുരി പറഞ്ഞു. ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നത് തികച്ചും വ്യക്തിപരമായ കാര്യമായിരിക്കണമെന്ന് ഡോ സിങ്ങിൻ്റെ കുടുംബം ആഗ്രഹിച്ചിരുന്നുവെന്നും അതിനാലാണ് ഉന്നത നേതാക്കൾ വിട്ടുനിന്നതെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

അതേസമയം മൻമോഹൻ സിംഗിന് സ്മാരകമൊരുക്കാൻ നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കി. രാജ്ഘട്ടിന് സമീപം കിസാൻ ഘട്ടിൽ സ്മാരകമൊരുക്കാനാണ് നീക്കം. ഡോ. സിങ്ങിൻ്റെ കുടുംബത്തിൻ്റെ തീരുമാനം കൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിൻ്റെ സ്മാരകവും കിസാൻ ഘട്ടിലാണ് സ്ഥിതിചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top